Uncategorized

വിമാനം നേരം വൈകി പറക്കല്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖത്തര്‍ മാനേജറുമായി ഗപാഖ് കൂടിക്കാഴ്ച നടത്തി

ദോഹ. വിവിധ സെക്ടറുകളിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ നിരന്തരമായുണ്ടാവുന്ന നേരം വൈകല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ (ഗപാഖ് ) പ്രതിനിധികള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖത്തര്‍ മാനേജര്‍ എസ്. രമേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.
സാങ്കേതിക തകരാറാണ് പലപ്പോഴും നീണ്ട നേരത്തെ വൈകലിന് കാരണമാവുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷ, സമയം, ജോലി അടക്കമുള്ള ധാരാളം പ്രയാസങ്ങള്‍ക്ക് ഇടയാക്കുന്നു.
കോഴിക്കോട് സെക്ടറിലേക്ക് ഒരു മാസത്തിനകം രണ്ട് തവണ വിമാനം ഇരുപത്തിനാല് മണിക്കൂറോളം വൈകി പുറപ്പെട്ടത് പ്രത്യേകം പരാമര്‍ശിച്ചു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസം എന്നിവ യഥാസമയം എത്തിക്കാനുള്ള സംവിധാനം ഫലപ്രദമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
തിരക്കേറിയ സീസണുകളില്‍ അഡീഷണല്‍ ഫ്‌ലൈറ്റ് സര്‍വീസ് തുടങ്ങാനാവശ്യമായ നടപടികള്‍ നേരത്തെ തന്നെ തുടങ്ങണമെന്നും അഭ്യര്‍ത്ഥിച്ചു.
യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും സാധ്യമായ രീതിയില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മാനേജര്‍ ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ ഗപാഖ് ജന: സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗഫൂര്‍ കോഴിക്കോട്, അമീന്‍ കൊടിയത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!