ഗസ്സ സംഘര്‍ഷത്തില്‍ ഖത്തര്‍ തങ്ങളുടെ മധ്യസ്ഥ പങ്ക് പുനഃപരിശോധിക്കുന്നു
ദോഹ: ചില രാഷ്ട്രീയക്കാര്‍ ഖത്തറിന്റെ പങ്ക് ചൂഷണം ചെയ്യുന്നതിനാല്‍ ഗസ്സ സംഘര്‍ഷത്തില്‍ ഖത്തര്‍ തങ്ങളുടെ മധ്യസ്ഥ പങ്ക് പുനഃപരിശോധിക്കുകയാണെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ദോഹയില്‍ തുര്‍ക്കിയിലെ വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഖത്തറിനെ വിമര്‍ശിക്കുന്ന ചില രാഷ്ട്രീയക്കാരുടെ പോയിന്റ് സ്കോറിംഗിന്റെ ഇരയാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.ചര്‍ച്ചകള്‍ക്ക് ക്രിയാത്മകമായി സംഭാവന നല്‍കുമെന്നും പാര്‍ട്ടികള്‍ തമ്മിലുള്ള വിടവ് നികത്താന്‍ എപ്പോഴും ശ്രമിക്കുമെന്നും ഖത്തര്‍ തുടക്കം മുതല്‍ ഊന്നിപ്പറഞ്ഞിരുന്നു. പ്രശ്നം മാസങ്ങളോളം നീണ്ടു, ഭിന്നതകള്‍ വ്യാപകമായിരുന്നു. ഈ വിടവ് നികത്താനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഞങ്ങള്‍ ഈ മധ്യസ്ഥതയില്‍ അമേരിക്കയും ഈജിപ്തുമടക്കമുള്ള ഞങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ‘ഖത്തറിന്റെ പങ്ക് ചൂഷണം ചെയ്യപ്പെടുകയാണ്. ഇത് അസ്വീകാര്യമാണ്. ഞങ്ങള്‍ ഈ പ്രക്രിയ ആരംഭിക്കുകയും അതില്‍ ഏര്‍പ്പെടുകയും ചെയ്തപ്പോള്‍, ഞങ്ങള്‍ മാനുഷിക കാഴ്ചപ്പാടില്‍ നിന്നും നമ്മുടെ പലസ്തീന് സഹോദരങ്ങളെ സംരക്ഷിക്കാനാണ് പരിശ്രമിച്ചത്.