Local News

മെജസ്റ്റിക്ക് മലപ്പുറം മെഗാ ലോഞ്ച് മെയ് 30 , 31 ന്

ദോഹ : ഖത്തറിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായി രൂപീകരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ ( മെജസ്റ്റിക്ക് മലപ്പുറം ) മെഗാ ലോഞ്ച് മെയ് 30 , 31 തീയതികളില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ (ക്യൂ.എന്‍.സി.സി) യില്‍ വെച്ച് നടക്കും . മെയ് 30 നു 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോട് കൂടിയാണ് ലോഞ്ചിംഗ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ എം സ്വരാജ് , കെ എന്‍ എ ഖാദര്‍ , ആലംങ്കോട് ലീലാകൃഷ്ണന്‍ , ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കും.
മലപ്പുറം ജില്ലാ വികസനം – വര്‍ത്തമാനം, ഭാവി , മലപ്പുറം ജില്ല: സാംസ്‌കാരിക സമ്പന്നത, പാരമ്പര്യം , സ്വാതന്ത്ര്യ സമരത്തിലെ മലപ്പുറം ഗാഥകള്‍ , കേരളീയ ബഹുസ്വരത- മലപ്പുറത്തിന്റെ മുദ്രകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദോഹയിലെ സാംസ്‌കാരിക സമൂഹത്തിന് പുതിയ അനുഭവവും ജില്ലയുടെ വികസന സൗഹൃദ വിനിമയങ്ങളില്‍ പ്രവാസ ലോകത്ത് നിന്നുള്ള മികച്ച സംഭവനയുമായിരിക്കും .
മെയ് 31 നാണ് ഔദ്യോഗിക പരിപാടികള്‍ നടക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ സംഘടനയുടെ പ്രഖ്യാപനം നിര്‍വഹിക്കും . മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ ( മെജസ്റ്റിക് മലപ്പുറം ) പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിക്കും . വിവിധ അപെക്‌സ് ബോഡി പ്രസിഡന്റുമാര്‍ , ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍ , മെഗാ ലോഞ്ച് സ്വാഗത സംഘം ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ , ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍ , ട്രഷറര്‍ ജിതിന്‍ ചക്കൂത്ത് എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് പ്രമുഖ ഗായിക സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന പ്രോജെക്ട് മലബാറിക്കസ് ബാന്‍ഡിന്റെ കലാസന്ധ്യ ലോഞ്ചിങ് പരിപാടികള്‍ക്ക് മിഴിവേകും . ദോഹയിലെ കലാ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഔദ്യോഗിക പരിപാടികള്‍ക്ക് മുന്നോടിയായി നടക്കും .
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ സ്‌നേഹ സൗഹൃദ ഇടമായും ക്ഷേമം ഉറപ്പിക്കുന്നതിനും രൂപീകരിച്ച സംഘടനയില്‍ ആയിരത്തിലധികം രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ ഉണ്ട് . ലോഞ്ചിങിനെ തുടര്‍ന്ന് വൈവിധ്യമാര്‍ന്ന പരിപാടികളും പദ്ധതികളും സംഘടന ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വാത്താസമ്മേളനത്തില്‍ അറിയിച്ചു .മെജസ്റ്റിക് മലപ്പുറം കൂട്ടായ്മയുടെ ഭാഗമാവാന്‍ മലപ്പുറം ജില്ലക്കാര്‍ക്ക് അന്നേദിവസം ക്യൂഎന്‍ സിസിയില്‍ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
നിഹാദ് അലി : പ്രസിഡന്റ് ,മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ (മെജസ്റ്റിക് മലപ്പുറം) ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍ , മെഗാ ലോഞ്ച് സ്വാഗത സംഘം ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ,ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍ , ട്രഷറര്‍ ജിതിന്‍ ചക്കൂത്ത്, ആലംങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!