മല്‍ഖ റൂഹിക്കായി 13978 കാരുണ്യപ്പൊതികളുമായി കെ.എം.സി.സി. ബിരിയാണി ചലഞ്ച്
ദോഹ: എസ്.എം.എ. രോഗം ബാധിച്ച മല്‍ഖ റൂഹിയുടെ ചികിത്സാ സഹായാര്‍ത്ഥം കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് കരുണ വറ്റാത്ത ഹൃദയങ്ങളുടെ ആര്‍ദ്രത തെളിയിക്കുന്നതായി മാറി. ജൂലൈ 12 വെള്ളിയാഴ്ച നടന്ന ആദ്യ ഘട്ടത്തിലും ജൂലൈ 19 വെള്ളിയാഴ്ച നടന്ന രണ്ടാം ഘട്ടത്തിലുമായി 13978 പൊതികളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തത്. വിതരണ സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ബുക്കിംഗ് നേരത്തെ നിര്‍ത്തിവെച്ചത് കുഞ്ഞു മോളുടെ ചികിത്സ സഹായ ശ്രമങ്ങള്‍ക്ക് മനുഷ്യ സ്നേഹികള്‍ നല്കുന്ന പിന്തുണകള്‍ ഇനിയും ലക്ഷ്യം കാണേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
രണ്ട് ഘട്ടങ്ങളിലായി നടന്ന ബിരിയാണി ചലഞ്ചിലേക്ക് അഭൂതപൂര്‍വ്വമായ പിന്തുണയാണ് ഖത്തറിലെ പ്രവാസികളില്‍ നിന്ന് ലഭിച്ചത്. 11 മില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവ് വരുന്ന ചികിത്സയിലേക്ക് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ഖത്തര്‍ ചാരിറ്റിയുടെ അനുമതിയോടെ മല്‍ഖ റൂഹിയുടെ ചികിത്സാ സഹായം പ്രഖ്യാപിച്ചത് മുതല്‍ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, സബ് കമ്മറ്റി തലങ്ങളിലായി സംഘടിപ്പിച്ച ധന സമാഹരണത്തിന് ശേഷമാണ് സംസ്ഥാനസംഘ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
ബിരിയാണി ചലഞ്ചിന്റെ പ്രചരണം, രജിസ്ട്രേഷന്, കോഡിനേഷന്‍, ഭക്ഷണം തയ്യാറാക്കല്‍, ഐ.ടി, ട്രാന്സ്പോര്ട്ടേഷന്, ഡെലിവറി, വളണ്ടിയേഴ്സ് തുടങ്ങിയവക്ക് കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളും നേതാക്കളും നേതൃത്വം നല്കി.
വിവിധ ഘട്ടങ്ങളിലായി നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഉപദേശക സമിതി നേതാക്കളായ എം പി ഷാഫി ഹാജി, എസ്.എ.എം ബഷീര്‍ അബ്ദു നാസര്‍ നാച്ചി, പി.വി മുഹമ്മദ് മൗലവി, സിവി ഖാലിദ്, ഹംസ കൊയിലാണ്ടി, ബഷീര്‍ ഖാന്, ഹമദ് മൂസ, സംസ്ഥാന ഭാരവാഹികളായ ഡോ. അബ്ദു സമദ്, സലീം നാലകത്ത്, കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, ടിടികെ ബഷീര്‍, പുതുക്കുടി അബൂബക്കര്‍, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹകുട്ടി, വി ടിഎം സാദിഖ്, ഫൈസല്‍ കേളോത്ത്, സമീര്‍ മുഹമ്മദ് ഷംസു വാണിമേല്‍ ടീം ബിരിയാണി ചലഞ്ച് സമിതി, നേതാക്കള്‍, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്കി.