Local News

വെളുക്കുവോളം കാവല്‍ നിന്ന ആനയും കുഞ്ഞിനെ മാറോടണച്ച സൈനികനും , ചൂരല്‍മലയെ ചേര്‍ത്തുപിടിച്ച് നടുമുറ്റം ഓണക്കള മത്സരം

ദോഹ. വയനാട് ചൂരല്‍മലയിലെ നൊമ്പരക്കാഴ്ചകളെ കളത്തില്‍ ചിത്രീകരിച്ച് നടുമുറ്റം ഓണക്കള മത്സരം.മാനവീയ കേരളം വയനാടിനൊപ്പം എന്ന ആശയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. നിരവധി ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രാത്രിയില്‍ കുടുംബത്തിനു കാവല്‍ നിന്ന ആനയും കുഞ്ഞിനെ ശരീരത്തിലേക്ക് ചേര്‍ത്തുകെട്ടിയ സൈനികനുമടക്കം കളങ്ങളില്‍ നിറഞ്ഞു. പൂക്കളോടൊപ്പം പുനരുപയോഗ വസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മത്സരം നിശ്ചയിച്ചത്. പുനരുപയോഗ വസ്തുക്കളുപയോഗിച്ചുള്ള ഓണക്കളം കാഴ്ചക്കാരിലും വ്യത്യസ്ത അനുഭവമാണ് സൃഷ്ടിച്ചത്. അവസാന വര്‍ഷ ഓണത്തോടനുബന്ധിച്ചും നടുമുറ്റം ഇതേ മാതൃകയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തിനായി ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുകയിലൊരു ഭാഗം നടുമുറ്റം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും.
മത്സരത്തില്‍ എം എ എം ഒ അലുംനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവോണം സഖി ടീം രണ്ടാം സ്ഥാനവും മുശെരി ടീം മൂന്നാംസ്ഥാനവും നേടി. സയന്‍സ് എജ്യുക്കേഷന്‍ സെന്റര്‍ മുഖ്യ പ്രായോജകരായി ഏഷ്യന്‍ടൌണിലെ ഗ്രാന്റ്മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്.

ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി,സയന്‍സ് എജ്യുക്കേഷന്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പ്രസീത് വടക്കേടത്ത്, ഗ്രാന്റ്മാള്‍ ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനം കൈമാറി.

നടുമുറ്റം പ്രസിഡന്റ് സന നസീം, വൈസ് പ്രസിഡന്റ്മാരായ ലത കൃഷ്ണ, റുബീന മുഹമ്മദ് കുഞ്ഞി ,ജനറല്‍ സെക്രട്ടറി ഫാത്തിമ തസ്നീം , കണ്‍വീനര്‍മാരായ സുമയ്യ തഹസീന്‍, ഹുദ എസ് കെ,നടുമുറ്റം മുന്‍ പ്രസിഡന്റ് സജ്‌ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജീന ,ആബിദ സുബൈര്‍, ഖദീജാബി നൌഷാദ്, അഹ്‌സന കരിയാടന്‍, ഹുമൈറ വാഹദ്, വാഹിദ നസീര്‍, ഹനാന്‍, മുബശ്ശിറ, ജമീല മമ്മു, നിജാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബബീന ബഷീര്‍ പരിപാടി നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!