ഈസക്ക എന്ന നന്മ മരത്തെ അബൂഹമൂര്‍ ഖബറിസ്ഥാനിലെ മണ്ണ് ഏറ്റെടുത്തപ്പോള്‍
![](https://internationalmalayaly.com/wp-content/uploads/2025/02/imsp-1120x747.jpg)
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കണ്ട ഏറ്റവും ജനകീയനായ മലയാളി സാമൂഹ്യ സാംസ്‌കാരിക നായകനായിരുന്ന ഈസക്ക എന്ന നന്മ മരത്തെ അബൂഹമൂര്‍ ഖബറിസ്ഥാനിലെ മണ്ണ് ഏറ്റെടുത്തപ്പോള്‍ വൈകാരിക സമ്മിശ്രമമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പള്ളിയും പരിസരവും സാക്ഷ്യം വഹിച്ചത്. മത ജാതി ഭാഷ വ്യത്യാസങ്ങളൊന്നുമില്ലാതെ ഈസക്കയെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ നമസ്‌കാരത്തിനും ഈസക്കയുടെ മയ്യിത്ത് ഒരു നോക്ക് കാണുന്നതിനും തടിച്ചുകൂടിയപ്പോള്‍ തിരക്ക് നിയന്ത്രിക്കുവാന്‍ പള്ളിയും പരിസരവും പ്രയാസപ്പെട്ടു. ജീവിതവും കര്‍മവും സഫലമായതിന്റെ ധന്യതയോടെയും സായൂജ്യത്തോടെയുമാണ് ഈസക്ക രക്ഷിതാവിലേക്ക് മടങ്ങിയത്. തന്നെ താനാക്കിയ , താന്‍ ഏറെ സ്‌നേഹിച്ച പ്രിയപ്പെട്ട ഖത്തറിന്റെ മണ്ണില്‍ അന്ത്യവിശ്രമമെന്ന ഈസക്കയുടെ ആഗ്രഹ പ്രകാരം , അബൂ ഹമൂര്‍ ഖബര്‍ സ്ഥാനില്‍ മറവ് ചെയ്ത് തിരിച്ചുപോരുമ്പോഴും ,മയ്യിത്ത് നമസ്‌കാര ശേഷം അവസാനമായി ആ മുഖമൊന്ന് കാണാന്‍ മണിക്കൂറുകള്‍ വരി നിന്നപ്പോഴും ജനമനസ്സില്‍ ഈസക്ക എന്ത് മാത്രം സ്ഥാനം നേടിയിരുന്നുവെന്ന് ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു. അന്തരീക്ഷം പോലും കണ്ണീര്‍ പൊഴിച്ചും ശാന്തിയുടേയും സമാധാനത്തിന്റേയും ഇളം തെന്നലായും ജീവിതം ധന്യമാക്കിയ ആ മഹാന്റെ അന്ത്യയാത്ര അവിസ്മരണീയമാക്കി.
പരിചയപ്പെട്ടവരുടെയൊക്കെ മനസ്സില്‍ ഇടം നേടാനായി എന്നതാണ് ഈസക്കയെ സവിശേഷമാക്കുന്നത്. ആത്മാര്‍ഥമായും സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചും മാനവിക വികാരങ്ങള്‍ പങ്കുവെച്ച പച്ചയായ മനുഷ്യനായിരുന്നു ഈസക്ക. ഓരോരുത്തരും വിചാരിക്കുക തന്നോടാണ് ഈസക്കക്ക് ഏറ്റവും അടുപ്പമെന്നാണ്. അത്രയും ഹൃദ്യവും ഊഷ്മളവുമായിരുന്നു ഓരോരുത്തരുമായുള്ള അദ്ദേഹത്തിന്റെ സ്‌നേഹ സൗഹൃദങ്ങള്‍.
ഇന്നലെ അബൂ ഹമൂര്‍ ഖബര്‍ സ്ഥാനിലും മിസൈമീര്‍ പള്ളിയിലും തടിച്ചുകൂടിയ ജനസമുദ്രം ഈസക്കയെന്ന ജനകീയനായ മനുഷ്യ സ്‌നേഹിയെ അടയാളപ്പെടുത്തുന്നതാണ്. മിസൈമീര്‍ പള്ളിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയുമധികം ആളുകള്‍ ഒത്തുകൂടിയത് മുമ്പ് ഡോ.യൂസുഫുല്‍ ഖറദാവിയുടെ ജനാസക്കായിരുന്നുവെത്ര.
ഇന്നലെ തടിച്ചുകൂടിയ ജനസമുദ്രവും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുകവിയുന്ന ഓര്‍മക്കുറിപ്പുകളും അനുശോചന സന്ദേശങ്ങളും മാനവികതയുടേയും മനുഷ്യ സ്‌നേഹത്തിന്റേയും അടയാളപ്പെടുത്തലാകുമ്പോള്‍ ജീവിതം പോലെ തന്നെ മരണവും പ്രചോദനമാക്കിയ ഈസക്കയെന്ന നന്മ മരം ജനമനസുകളിലാണ് ജീവിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.
മാനുഷികമായ പോരായ്മകളും കുറ്റങ്ങളും സ്വാഭാവികമാണ്. ആര്‍ക്കെങ്കിലും പ്രയാസകരമായ എന്തെങ്കിലും അനുഭവങ്ങള്‍ ആ മഹാനുഭാവനില്‍ നിന്നും നേരിട്ടിട്ടുണ്ടെങ്കില്‍ സ്‌നേഹബുദ്ധ്യാ വിട്ടുകൊടുക്കുകയും അദ്ദേഹത്തിന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുമെന്നാശിക്കുന്നു.