ലേല പ്രക്രിയ ഡിജിറ്റല്‍ ആക്കാനൊരുങ്ങി കസ്റ്റംസ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് ലേല പ്രക്രിയ ഡിജിറ്റല്‍ ആക്കാനൊരുങ്ങി കസ്റ്റംസ്. ഇതോടെ നൂതന സാങ്കേതിക വിദ്യയും സംവിധാനവും പ്രയോജനപ്പെടുത്തി ഇലക്ട്രോണിക് ലേല പ്രക്രിയ നടപ്പാക്കുന്ന മേഖലയിലെ ആദ്യ രാജ്യമാകും ഖത്തര്‍.
രാജ്യ പുരോഗതിയുടെ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്ന തരത്തില്‍ കയറ്റുമതിയും ഇറക്കുമതിയും സൗകര്യപ്രദവും കാര്യക്ഷമവുമാക്കുന്നതിനുള്ള നടപടികളാണ് കസ്റ്റംസ് സ്വീകരിക്കുന്നത്.
മാര്‍ച്ച് മാസം 309,016 ഡിക്ളറേഷനുകളാണ് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് നല്‍കിയത്. ഇതില്‍ 282,775 എണ്ണം എയര്‍ കാര്‍ഗോ കസ്റ്റംസും 25,464 എണ്ണം സീ കാര്‍ഗോ കസ്റ്റംസുമാണ് പൂര്‍ത്തിയാക്കിയത്. 98 ശതമാനം കസ്റ്റംസ് ഡിക്ളറേഷനുകളും ഒരു മണിക്കൂറിനുള്ളില്‍ തന്നെ നല്‍കാനായി. നടപടി ക്രമങ്ങള്‍ വ്യവസ്ഥാപിതമായും സാങ്കേതിക തികവോടെയും പൂര്‍ത്തീകരിക്കുന്നതിനാലാണ് കാലതാമസം കൂടാതെ ചരക്കുകള്‍ വിട്ടുനല്‍കാനാവുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ യഥാക്രമം 287,441, 254,836 ഡിക്ളറേഷനുകളാണ് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് നല്‍കിയത്. മാര്‍ച്ചില്‍ കാര്യമായ വര്‍ദ്ധനയുണ്ട്.
മാര്‍ച്ചിലെ ഏറ്റവും വലിയ നിയമവിരുദ്ധ വസ്തുക്കളുടെ പിടികൂടല്‍ 7252 ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തതായിരുന്നു. മൊത്തം 254 പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ടുകളാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്.
കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ചൈനയും വീണ്ടും സ്ഥാനം നിലനിര്‍ത്തി എന്നതാണ് മാര്‍ച്ചിലെ റിപ്പോര്‍ട്ടിലുള്ള മറ്റൊരു പ്രധാന സംഗതി.