മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍

അമാനുല്ല വടക്കാങ്ങര
ദോഹ: ഈദ് അല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി ഖത്തരി ദിയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തര്‍ ആതിഥേയത്വം വഹിച്ച ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ പതിനായിരങ്ങളെ ആകര്‍ഷിച്ചു.
മേഖലയിലെ ഏറ്റവും വലിയ സ്‌കൈ ഫെസ്റ്റിവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദര്‍ശനം സ്വദേശികളേയും വിദേശികളേയും ഒരു പോലെയാകര്‍ഷിച്ചു. മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് ലുസൈലിന്റെ സ്‌കൈലൈനിനെ പ്രകാശത്തിന്റെയും ചലനത്തിന്റെയും നിറത്തിന്റെയും ക്യാന്‍വാസാക്കി മാറ്റിയ ആഘോഷം അല്‍ സാദ് പ്ലാസയിലും പരിസരത്തും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തിന് ആസ്വാദനത്തിന്റെ വേറിട്ട കാഴ്ചകളാണ് സമ്മാനിച്ചത്.
എയര്‍ ഷോകള്‍, ഡ്രോണുകള്‍, വെടിക്കെട്ട് എന്നിവയുടെ ഗംഭീര പ്രദര്‍ശനത്തോടെയാരംഭിച്ച ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണിവരെയായിരിക്കും ആഘോഷം.