
”കേരളോദയം” സാംസ്‌കാരിക സംഗമം: നവംബര്‍ 6 ന് ഐസിസി അശോക ഹാളില്‍
ദോഹ:ഖത്തറിന്റെ സാംസ്‌കാരിക ഹൃദയത്തിന്റെ സ്പന്ദനത്തോളം പഴക്കമുള്ള കരിഷ്മ ആര്‍ട്‌സും, ഇന്‍ഡോ ഖത്തറിന്റെ സാംസ്‌കാരിക ഹൃദയങ്ങളുടെ പുതുതാളമായ ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബും ചേര്‍ന്ന് കേരളപ്പിറവിയുടെ ഭാഗമായ കേരളോദയം സാംസ്‌കാരിക സംഗമം ഒരുക്കുന്നു. ഈ വിപുലമായ കലാസാംസ്‌കാരിക ഉത്സവം നവംബര്‍ 6-ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) അശോക ഹാളില്‍ വച്ച് നടക്കും.
കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യവും ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കലാസൃഷ്ടികളുമായെത്തുന്ന ഈ വേദിയില്‍, കല, സംഗീതം, നൃത്തം, ഫാഷന്‍, ചിത്രകല തുടങ്ങിയ നിരവധി കലാവിഭാഗങ്ങള്‍ ഒരേ വേദിയില്‍ നിറം പകരും എന്ന് കരിഷ്മ ആര്‍ട്‌സിന്റെ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ അറിയിച്ചു.
പരിപാടിയുടെ പ്രധാന ആകര്‍ഷണം പ്രശസ്ത ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ കലാസൃഷ്ടികളെ പുനരാവിഷ്‌ക്കരിച്ചുകൊണ്ട് അണിയിച്ചൊരുക്കുന്ന രാജാ രവിവര്‍മ്മ ഫാഷന്‍ ഷോ ആയിരിക്കും .അതിനൊപ്പം, നൃത്തനൃത്യങ്ങള്‍, സംഗീത നിശ, സാംസ്‌കാരിക സംഗമം എന്നിവയും കലാസായാഹ്നത്തിന് നിറപ്പകിട്ടേകും.
കേരളോദയം പരിപാടിയുടെ പോസ്റ്റര്‍ അനാവരണം റേഡിയോ മലയാളം 98.6 എഫ്.എം – ല്‍ വച്ച് ഔദ്യോഗികമായി നടന്നു.
ഖത്തറിലെ സജീവ സാംസ്‌കാരിക പ്രവര്‍ത്തകയും ചിത്രകലാധ്യാപികയുമായ രോഷ്‌നി കൃഷ്ണന്റെ നേതൃത്വത്തിലാണ് രാജാരവിവര്‍മ്മ ഫാഷന്‍ ഷോ അണിയിച്ചൊരുക്കുന്നത്. കലയുടെയും നിറങ്ങളുടെയും മര്‍മ്മം അറിഞ്ഞ പ്രശസ്തയായ ചിത്രകാരിയില്‍ നിന്ന് അതിമനോഹരമായ രവിവര്‍മ്മ ചിത്രങ്ങളുടെ പുനരാവിഷ്‌കാരം പ്രതീക്ഷിക്കാമെന്ന് സംഘാടകര്‍ ഉറപ്പു നല്‍കി.
ചടങ്ങില്‍ കരിഷ്മ ആര്‍ട്‌സിന്റെയും ജി.ആര്‍.സി.സി യുടെയും ഔദ്യോഗിക ഭാരവാഹികള്‍ പങ്കെടുത്തു.
കരിഷ്മ ആര്‍ട്‌സ് ജനറല്‍ സെക്രട്ടറി ശിവദാസ് കല്ലുള്ളതില്‍, മുന്‍ പ്രസിഡണ്ടും മാനേജിംഗ് കമ്മിറ്റി അംഗവുമായ അജിത് പിള്ള, ജി.ആര്‍.സി.സി പ്രസിഡണ്ട് രോഷ്‌നി കൃഷ്ണന്‍, മറ്റു ഭാരവാഹികളായ റസീന കെ.വി., ജയ രാജ കൃഷ്ണന്‍, വിനേഷ് ഹെഗ്ഡെ, സുബൈര്‍ പാണ്ഡവത്ത്, പ്രദീപ് എം.എം., രഞ്ജിത്ത് ചെമ്മാട്, ആന്‍സ്റ്റീന്‍ വിന്‍സന്റ്, റിയാസ് പി. ലത്തീഫ് എന്നിവരും ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.