
ഇന്‍കാസ് ഖത്തര്‍ യൂത്ത് വിങ് റഹീം റയാന്‍ സ്മാരക ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : ഖത്തറിലെ കോവിഡ് പോരാട്ടത്തിന്റെ മലയാളി മുഖമായി മാറി, ഒടുവില്‍ മരണത്തിന് കീഴടങ്ങിയ റഹീം റയ്യാന്റെ സ്മരണാര്‍ത്ഥം സേവന യജ്ഞത്തിന് തുടക്കമിട്ട് പ്രവാസി സംഘടനകള്‍. റഹീം തുടങ്ങിവെച്ച സന്നദ്ധ പ്രവൃത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഖത്തറില്‍ കോവിഡ് പിടിമുറുക്കിയ സമയത്ത് പ്രവാസികള്‍ക്കായി റഹീം നടത്തിയ സേവനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പകര്‍ച്ചവ്യാധിയുടെ ദുരിതത്തില്‍ അകപെട്ടവര്‍ക്ക് വൈദ്യ സഹായവും ഭക്ഷണവും എത്തിക്കുന്നതിന് പുറമേ തൊഴില്‍ രഹിതര്‍ക്ക് നാട്ടിലെത്താന്‍ വിമാന ടിക്കറ്റുകള്‍ എടുത്തു നല്‍കുന്നതിലേയ്ക്ക് വരെ അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ നീണ്ടു. ഒടുവില്‍ കോവിഡ് ബാധിതനായി ഈ കണ്ണൂര്‍ സ്വദേശി മരണത്തിന് കീഴടങ്ങിയത് പ്രവാസി സമൂഹത്തിന് തീരാ നൊമ്പരമായി. ഇതോടെയാണ് ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് മുന്‍കൈയ്യെടുത്ത് റഹീമിന്റെ സ്മരണാര്‍ത്ഥം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ തീരുമാനിച്ചത്. ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ – സാംസ്‌കാരിക മേഖലയിലെ നിരവധി പ്രഗത്ഭര്‍ പങ്കെടുത്തു.