Uncategorized

ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് ആഡംബര കോസ്റ്റല്‍ ക്രൂയിസ് ടൂര്‍ നീട്ടിവെച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 14 വരെ 6 ആഡംബര കപ്പലുകളിലായി എയര്‍വേയ്‌സ് ഹോളിഡേസും ഡിസ്‌കവര്‍ ഖത്തറും പ്രഖ്യാപിച്ചിരുന്ന ആഡംബര കോസ്റ്റല്‍ ക്രൂയിസ് ടൂര്‍ നീട്ടിവെച്ചതായി സംഘാടകര്‍ ഉപഭോക്താക്കളെ അറിയിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഈ മാസം ആദ്യം പ്രഖ്യാപിച്ച ടൂര്‍ പാക്കേജിന് വമ്പിച്ച പ്രതികരണമാണുണ്ടായത്. പലരും വീടകങ്ങളില്‍ ശ്വാസം മുട്ടി കഴിയുന്ന പ്രതീതിയയില്‍ നിന്നും മൂന്ന് ദിവസത്തെ ആഡംബര ക്രൂയിസ് യാത്ര ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കോവിഡിിന്റെ രണ്ടാം വരവ് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന കണക്കിലെടുത്ത് ടൂര്‍ നീട്ടിവെക്കുവാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

അതിഥികളുടെയും ജീവനക്കാരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും സ്വീകരിച്ച് രൂപകല്‍പ്പന ചെയ്ത ഖത്തറിന്റെ ആഡംബര തീരദേശ ക്രൂയിസിന്റെ ജനപ്രീതിയും ഉയര്‍ന്ന ഡിമാന്‍ഡും ഉണ്ടായിരുന്നിട്ടും, അനുദിനം മാറിക്കൊണ്ടിരിക്കുന്ന കോവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് ടൂര്‍ മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും സുരക്ഷയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.

ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സും ഡിസ്‌കവര്‍ ഖത്തറും ഇനി 2022 ലാണ് ആഡംബര ക്രൂയിസ് ടൂര്‍ ആസൂത്രണം ചെയ്യുന്നത്. ഖത്തറിലെ നിരവധി താമസക്കാരും പൗരന്മാരും രാജ്യത്തിന്റെ തീരപ്രദേശത്ത് ഒരു സവിശേഷ അനുഭവത്തിനും സാഹസികതയ്ക്കും കപ്പല്‍ ടൂര്‍ ആഗ്രഹിക്കുന്നുവെന്നാണ് പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

ആഡംബര കോസ്റ്റല്‍ ക്രൂയിസ് ടൂറിന് പണമടച്ച് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കും. ഭാവിയിലെ സേവനങ്ങള്‍ക്കുള്ള വൗച്ചര്‍ ആവശ്യമുള്ളവര്‍ക്ക് അടച്ച തുകയുടെ 110% ഭാവി ക്രെഡിറ്റും ലഭിക്കും.

Related Articles

Back to top button
error: Content is protected !!