
വിപുലീകരണ പദ്ധതിയുമായി സമകന മികച്ച ഫ്രഷ് മല്‍സ്യങ്ങള്‍ ലഭ്യമാക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മല്‍സ്യോല്‍പാദന രംഗത്തെ ഖത്തറിന്റെ പരീക്ഷണമായ സമകന പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നു. ഖത്തര്‍ വിപണിയില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണവും ഡിമാന്റും കണക്കിലെടുത്താണ്, ഉല്‍പാദനം, വിതരണം, കൂടുതല്‍ ഇനങ്ങള്‍ എന്നിവ ചേര്‍ത്ത് പ്രമുഖ മത്സ്യബന്ധന സംരംഭമായ സമക്ന അതിന്റെ വിപുലീകരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മാര്‍ക്കറ്റിന്റെ ഇരുപത് ശതമാനത്തോളം ആവശ്യങ്ങള്‍ പരിഹരിക്കാനായത് കമ്പനിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് സമകന പ്രവര്‍ത്തിക്കുന്നത്.
ഖത്തര്‍ വിഷന്‍ 2030 വിഭാവനം ചെയ്യുന്ന തരത്തില്‍ മല്‍സ്യസമ്പത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനായി 2015 ല്‍ അല്‍ കമറ ഹോള്‍ഡിംഗ്സ് ആണ് സമകന ഫോര്‍ ട്രേഡിംഗ് ആന്റ്് ഇംപോര്‍ട് എന്ന കമ്പനിയാരംഭിച്ചത്.
വടക്ക് കിഴക്കന്‍ റുവൈസ് പ്രദേശത്ത്, ഖത്തര്‍ തീരത്ത് നിന്നും ഏകദേശംം 53 കിലോമീറ്റര്‍ അകലെയായി സജ്ജീകരിച്ച തുറന്ന കൂടുകളില്‍ മല്‍സ്യ കൃഷി ചെയ്ത്് ഖത്തര്‍ മാര്‍ക്കറ്റില്‍ വിപണനം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 900000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വിശാലമായ 16 കൂടുകളിലാണ് മല്‍സ്യം വളര്‍ത്താന്‍ തുടങ്ങിയത്. 2020 മെയ് മാസം കൃഷി തുടങ്ങി. നവംബര്‍ മാസത്തോടെ മല്‍സ്യം വിപണനം തുടങ്ങി. സീ ബാസ് മല്‍സ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ വളത്തിയത്. പ്രതിവര്‍ഷം 2000 മെട്രിക് ടണ്‍ സീബാസ്് ഖത്തര്‍ മാര്‍ക്കറ്റിലെത്തിക്കുവാനാണ് ആദ്യ ഘട്ടം ലക്ഷ്യം വെച്ചിരുന്നത്.
കടലിലെ പ്രത്യേകമായ കൂടുകളില്‍ വളരുന്ന മല്‍സ്യങ്ങള്‍ പിടിച്ച് വിപണിയിലെത്തിക്കുവാന്‍ വളരെ കുറഞ്ഞ സമയം മതിയെന്നതിനാല്‍ ഏറ്റവും ഫ്രഷായ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുവാന്‍ കഴിയും. വിപണിയില്‍ നിന്നും മികച്ച പ്രകടനം ഉണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ കൂടുകളില്‍ കൂടുതല്‍ മല്‍സ്യ ഇനങ്ങള്‍ വളര്‍ത്തുന്നത്് സംബന്ധിച്ചാണ് കമ്പനി ആലോചിക്കുന്നത്.