ബ്രിട്ടണ്‍ വകഭേദം ഖത്തറിലും ആശങ്ക സൃഷ്ടിക്കുന്നു വേഗത്തില്‍ പടരും, ഭേദമാകാന്‍ കാല താമസം, തീവ്രത കൂടും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ.കൊറോണ വൈറസിന്റെ ബ്രിട്ടണ്‍ വകഭേദം ഖത്തറിലും ആശങ്ക സൃഷ്ടിക്കുന്നതായി കോവിഡിനെ നേരിടുന്നതിനുള്ള നാഷണല്‍ സ്ട്രാറ്റജിക് കമ്മറ്റി അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ രാത്രി വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വേഗത്തില്‍ പടരും, ഭേദമാകാന്‍ കാല താമസം, തീവ്രത കൂടും എന്നിവയാണ് ഈ വകഭേദത്തിന്റെ പ്രത്യേകത.
കോവിഡിന്റെ രണ്ടാം തരംഗസൂചനകള്‍ കണ്ടുതുടങ്ങിയതിനാല്‍ ഫെബ്രുവരിയില്‍ ആരംഭിച്ച പുതിയ നിയന്ത്രണങ്ങള്‍ കാരണം വൈറസ് വ്യാപന തോത്് കുറക്കുവാന്‍ സാധിച്ചിട്ടുണ്ടെങ്കിലും നിത്യവും കോവിഡ് രോഗികള്‍ കൂടുന്നത് ആശങ്കജനകമാണ് . പലര്‍ക്കും ആശുപത്രി അഡ്മിഷനും ഐ.സി.യു സൗകര്യയവും വേണ്ടി വരുന്നു.
ഖത്തര്‍ നടപ്പാക്കിയ കണിശമായ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വരവില്‍ കാലതാമസം വരുത്തുവാന്‍ സഹായയകമായി. എന്നാല്‍ ഖത്തറില്‍ രണ്ടാം തരംഗത്തില്‍ കാണപ്പെടുന്ന ബി.1.1.7 എന്ന വകഭേദം വന്ന വൈറസ് ബ്രിട്ടന്‍ വകഭേദമാണ്. പഴയ വൈറസിനെ അപേക്ഷിച്ച് കൂടുതല്‍ വേഗം പരക്കുന്നതും തീവ്രത കൂടിയതുമാണ് പുതിയ വൈറസ്.
ഖത്തര്‍ നല്‍കുന്ന ഫൈസര്‍, മഡോണ വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് കണ്ടെത്തിയത് ആശ്വാസകരമാണ്. പുതിയ വൈറസ് ബാധയുള്ളവര്‍ക്ക് രോഗം മാറാന്‍ നേരത്തെയുള്ളവരെക്കാന്‍ സമയമെടുക്കുന്നതും സങ്കീര്‍ണതകള്‍ കൂടുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വര്‍ധിക്കുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാനും പരിചരിക്കാനുമുള്ള എല്ലാ സൗകര്യങ്ങള്‍ കോവിഡ് ആശുപത്രികളിലുണ്ട്.