IM Special

പെന്‍സില്‍ കാര്‍വിംഗിലെ ഫര്‍ഹാന്‍ ടച്ച്

അഫ്‌സല്‍ കിളയില്‍                                                                                                                                                                     .

—  കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ദേവര്‍ കോവില്‍ സ്വദേശി ഫര്‍ഹാന്‍ ഹമീദിന് പെന്‍സില്‍ വരക്കാനോ എഴുതാനോ മാത്രമല്ല മനോഹരമായ കലാനിര്‍വഹണത്തിന്റെ മാധ്യമം കൂടിയാണ്. പെന്‍സിലിന്റെ ഇത്തിരി പോന്ന അറ്റത്ത് ഫര്‍ഹാന്‍ തീര്‍ക്കുന്ന ശില്‍പ്പങ്ങള്‍ ഏതൊരു കലാസ്വാദകനേയും വിസ്മയിപ്പിക്കും

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ മലപ്പുറം സ്വദേശിയായ അഫ്‌സലിന്റെ പെന്‍സില്‍ കാര്‍വിംഗ് ചിത്രമാണ് ഫര്‍ഹാനെ ഈ മേഖലയെക്കുറിച്ചറിയാന്‍ പ്രേരിപ്പിച്ചത്. അഫ്‌സലുമായി ഇന്‍സ്റ്റഗ്രാമില്‍ ബന്ധപ്പെടുകയും പെന്‍സില്‍ കാര്‍വിംഗിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്തു.

ഒരു പെട്ടി പെന്‍സില്‍ വാങ്ങി വീട്ടില്‍ പോയി പഠിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ പെന്‍സിലുകളും പൊട്ടിപ്പോയി. എങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഐ ലൗ മൈ ഇന്ത്യ എന്ന ചെറിയ സൃഷ്ടി പൂര്‍ത്തികരിച്ചു.

ചെറുപ്പം മുതല്‍ക്ക് തന്നെ കളിമണ്ണ്, തെര്‍മോക്കോള്‍ എന്നിവ ഉപയോഗിച്ച് ശില്‍പ്പങ്ങള്‍ ഉണ്ടാക്കുകയും മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്ത ഫര്‍ഹാന് പെന്‍സില്‍ കാര്‍വിംഗ് കലാരംഗത്തെ പുതിയൊരു അനുഭവമായി മാറുകയായിരുന്നു.

ഖത്തറിലെത്തിയ ശേഷമാണ് ഫര്‍ഹാന്‍ കാര്‍വിംഗില്‍ സജീവമായത്. തമാശ എന്ന സിനിമയുടെ ടൈറ്റില്‍ പെന്‍സിലില്‍ കാര്‍വ് ചെയ്യുകയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്യുകയും ചെയ്തതാണ് ഫര്‍ഹാന്റെ സൃഷ്ടികള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപെടാന്‍ ഇടയായത്. സിനിമയുടെ 25ാം ദിവസത്തിന്റെ ആഘോഷ പരിപാടികളുടെ പോസ്റ്ററായി ഫര്‍ഹാന്റെ കാര്‍വിംഗാണ് ഉപയോഗിച്ചത് എന്നതും ഫര്‍ഹാന് ഏറെ സന്തോഷം നല്‍കി.

പൗരത്വ നിയമ ഭേദഗതിക്കെതെരെയുള്ള സമരകാലത്ത് ഫര്‍ഹാന് ചെയ്ത കാര്‍വിംഗ് ഏറെ പ്രശംസ പിടിച്ചു പറ്റിയതിനാല്‍ കൂടുതല്‍ സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള കാര്‍വിംഗുകള്‍ പിറക്കുകയായിരുന്നു.

കേവലമൊരു കാര്‍വിംഗ് ഉണ്ടാക്കുക എന്നതിനപ്പുറം സമകാലിക വിഷയങ്ങളില്‍ തന്റെ മനസ്സിനെ സ്പര്‍ശിക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഉണ്ടാക്കുന്നതിലാണ് ഫര്‍ഹാന്റെ ശ്രദ്ധ. ഈഫല്‍ ടവറിന്റെ രൂപം, ഒരു വൃദ്ധയായ സ്ത്രീ കാലില്‍ ചോരയൊലിപ്പിച്ച് നടക്കുന്ന ഫോട്ടോ കണ്ടിട്ട് കാര്‍വ് ചെയ്തത് തുടങ്ങിയവ ഫര്‍ഹാന്റെ വൈവിധ്യമാര്‍ന്ന കാര്‍വിംഗ് കരവിരുത് പ്രദര്‍ശിപ്പിക്കുന്നതാണ് .

ലോക പ്രശസ്ത പെന്‍സില്‍ കാര്‍വിംഗ് കലാകാരനായ റഷ്യന്‍ സ്വദേശി സെലോത്ത് ഫിദായി ഫര്‍ഹാന്റെ ഐസ്‌ക്രീമിന്റെ കാര്‍വിംഗിന് കമന്റ് ചെയതതാണ് ഫര്‍ഹാന്റെ കലാജീവതത്തിലെ ഏറ്റവും ഹൃദ്യമായ മുഹൂര്‍ത്തം.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ കാലിഗ്രാഫി ചിത്രം വരച്ച അഹമ്മദ് അല്‍ മജ്ദിന്റെ ടൈറ്റില്‍ സിഗ്നേച്ചര്‍ വരക്കാനും അത് അദ്ദേഹത്തിന് നേരില്‍ സമ്മാനിക്കാനും സാധിച്ചുവെന്നതും ഫര്‍ഹാന്റെ കലാജീവിതത്തിലെ അവിസ്മരണീയമായ സംഭവമാണ്

കാലിഗ്രാഫിയും ടൈപ്പോഗ്രാഫിയും കാര്‍വിംഗില്‍ ഉള്‍പ്പെടുത്തി ചില സൃഷ്ടികളും ഫര്‍ഹാന്‍ ചെയ്തിട്ടുണ്ട്. അല്ലാഹു, മുഹമ്മദ് എന്നീ നാമങ്ങളും, മരണം രംഗബോധമില്ലാത്ത കോമാളി എന്നതും അവയില്‍ ചിലത് മാത്രം. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള ഫര്‍ഹാന്‍ ഹെല്‍മെറ്റില്‍ വയനാടിന്റെ പ്രകൃതി ഭംഗി മുഴുവനായി ഒപ്പിയെടുത്ത സെല്‍ഫി ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുഹൃത്തുക്കളായ പ്രമുഖ കാലിഗ്രഫി ആര്‍ട്ടിസ്റ്റ് കരീം ഗ്രാഫിയും അല്‍താഫും റബാഹുമാണ് ഫര്‍ഹാന്റെ സൃഷ്ടികളെ നിരന്തരം വിലയിരുത്തുകയും ക്രിയാത്മക നിര്‍ദ്ധേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.

ചെറുപ്പം മുതലെ ചിത്രങ്ങള്‍ വരക്കുന്നതില്‍ തല്‍പ്പരനായിരുന്ന ഫര്‍ഹാന്‍ പത്താം ക്ലാസ് മുതല്‍ വൈകുന്നേങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കുകയും പിന്നീട് വരകള്‍ ഡിജിറ്റല്‍ മേഖലയിലേക്ക് മാറുകയുമായിരുന്നു. അനിമേഷന്‍, മോഷന്‍ ഗ്രാഫിക്, ഗ്രാഫിക് ഡിസൈനര്‍, എഡിറ്റര്‍, ഫോട്ടോഗ്രാഫര്‍ എന്നീ വ്യത്യസ്ത മേഖലകളില്‍ സജീവമായ ഫര്‍ഹാന്‍ ഖത്തറില്‍ ഒരു ബ്രാന്‍ഡിംഗ് ഏജന്‍സിയില്‍ അനിമേറ്ററായി ജോലി ചെയ്യുകയാണ്.

കുറ്റ്യാടി ദേവര്‍ കോവില്‍ സ്വദേശി ഹമീദ് ഷക്കീല ദമ്പതികളുടെ രണ്ടാമത്തെ മകനായ ഫര്‍ഹാന്റെ സഹോദരങ്ങളാണ് ജാസ്മിന്‍, സഫഹാന, മുഹമ്മദ് ജാസിം എന്നിവര്‍.

ഫര്‍ഹാന്റെ സൃഷ്ടികള്‍ കാണാനായി ഇന്‍സ്റ്റഗ്രാമില്‍ https://www.instagram.com/farhanhameedt/ എന്ന അക്കൗണ്ട് സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!