IM Special

ഏ.കെ. ഉസ്മാന്‍ , സക്രിയമായ പ്രവാസത്തിന്റെ ആറ് പതിറ്റാണ്ട്

ഡോ. അമാനുല്ല വടക്കാങ്ങര

പ്രവാസ ലോകത്ത് ഒരു പുരുഷായുസ്സ് മുഴുവന്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ് . ദൈവാനുഗ്രഹത്താല്‍ വിരളമായ ആ മഹാ ഭാഗ്യത്തിനുടമയാണ് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും കലാകായിക സേവന പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായ ഏ.കെ. ഉസ്മാന്‍ എന്ന ഉസ്മാന്‍ക്ക. റെന്റ് എ കാര്‍ ഉസ്മാന്‍ക്കയായും എം. ഇ. എസ്. ഉസ്മാന്‍ക്കയായുമൊക്കെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രിയങ്കരനായ ഈ പ്രവാസി മലയാളിയുടെ ജീവിത കഥ തികച്ചും പ്രചോദനാത്മകമാണ് .

1961 ല്‍ ഖത്തറിലെത്തിയതു മുതല്‍ ഇപ്പോഴും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വ്യാപാര സംരംഭങ്ങളിലും സജീവമാകുന്ന അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറക്കും പഴയ തലമുറക്കും ഒരു പോലെ മാതൃകയാണ് .

വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടുമുള്ള സ്നോഹോഷ്മളമായ പെരുമാറ്റമാണ് ഏ.കെ. ഉസ്മാന്‍ എന്ന മനുഷ്യ സ്നേഹിയെ അടയാളപ്പെടുത്തുന്നത്. ആറ് പതിറ്റാണ്ടിന്റെ സംതൃപ്തമായ പ്രവാസ ജീവിതത്തിനിടയില്‍ മാനുഷികവും സാമൂഹികവും സാംസ്‌കാരികവുമായ അവിസ്മരണീയമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളില്‍ തന്റെ കയ്യൊപ്പുചാര്‍ത്തിയ ഈ ചാവക്കാട്ടുകാരന്‍ മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഉജ്വല മാതൃകയാണ് തന്റെ ജീവിതത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ വിദ്യാഭ്യാസ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ദീര്‍ഘമായ ആറ് പതിറ്റാണ്ട് കാലം നിറഞ്ഞുനില്‍ക്കുകയും നേതൃത്വമലങ്കരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ് . സ്നേഹം, കാരുണ്യം, നന്മ, മാനവികത മുതലായ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് . വിവാദങ്ങള്‍ക്ക് ഇടം കൊടുക്കാതെ പരസ്പര സഹകരണത്തിന്റേയും സൗഹാര്‍ദ്ധത്തിന്റേയും മികച്ച പാഠങ്ങളാണ് അദ്ദേഹം പകര്‍ന്നു നല്‍കിയത്. സ്വദേശികളും വിദേശികളുമായി പരിചയപ്പെട്ടവരുടെയൊക്കെ മനസില്‍ സ്ഥാനം പിടിച്ച അദ്ദേഹം വിനയം പൂക്കുന്ന സ്‌നേഹമരമായി ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമായി മാറുകയായിരുന്നു.

ഓരോ പൂവും വരാനിരിക്കുന്ന പൂക്കാലങ്ങളുടെ പ്രതീക്ഷകളാണ്. വ്യക്തി ജീവിതങ്ങള്‍ക്ക് പ്രതീക്ഷയും അഭയവുമാകുന്ന അവസ്ഥ തികച്ചും സാര്‍ത്ഥകം തന്നെ. ഏറ്റവും നല്ല ഇടം മനുഷ്യന്റെ ചിന്തകളില്‍ സ്ഥാനം പിടിക്കലും ഏറ്റവും സുരക്ഷിതമായ ഇടം മറ്റുള്ളവരുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുകയും ചെയ്യലാണെന്നാണ് മഹാന്മാര്‍ പറയുന്നത്. വിനയം പൂക്കുന്ന സ്‌നേഹമരമായ എ.കെ ഉസ്മാന്‍ ഈയര്‍ത്ഥത്തില്‍ എന്തുകൊണ്ടും ധന്യനാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാവാനിടയില്ല.

ഖത്തറിലെ ആദ്യ റെന്റ് എ കാര്‍ സ്ഥാപനമായ അല്‍ മുഫ്ത റെന്റ് ഏ കാറിന്റെ ഉടമകളിലൊരാളായ എ.കെ. ഉസ്മാന്‍ പ്രായം എണ്‍പതോടടുക്കുമ്പോഴും ഖത്തറിലും കേരളത്തിലുമായി ചുറുചുറുക്കോടെ നിറഞ്ഞു നില്‍ക്കുന്ന ബിസിനസുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ് .

കൃത്യമായ ജീവിത ചിട്ടകള്‍ പുലര്‍ത്തുന്ന ഉസ്മാന്‍ക്കയുടെ ദീര്‍ഘവീക്ഷണം ഖത്തര്‍ എം.ഇ.എസ് സ്‌കൂളിന്റെ വളര്‍ച്ചക്കും സഹായകരമായി. ഖത്തറിന്റെ ആധുനിക ചരിത്രത്തിനൊപ്പം ജീവിച്ച് വളര്‍ന്ന് വന്ന എ.കെ. ഉസ്മാന്റെ വ്യക്തിത്വം സര്‍വ്വരാലും അംഗീകരിക്കപ്പെട്ട ഒന്നാണ്. ജീവിത വിശുദ്ധി കാത്ത് സൂക്ഷിക്കുന്ന എ.കെ. ഉസ്മാനില്‍ നിന്നും ഖത്തര്‍ വിപണിക്കും ഇന്നത്തെ തലമുറക്കും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനുമുണ്ട്.

സംതൃപ്തിയുടെ അറുപതാണ്ട് പിന്നിട്ട അദ്ദേഹത്തെ ഈയിടെ എം.എസ്. എസ്. ഖത്തര്‍ ഘടകം ആദരിച്ചു.

അറുപത്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധികമാരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരാതിരുന്ന കാലത്ത് മൂന്ന് രാപ്പകലുകള്‍ കരിവണ്ടിയില്‍ ബോംബെക്കും അവിടെനിന്ന് എട്ട് ദിവസമെടുത്ത് കപ്പലില്‍ മിസൈദ് കടപ്പുറത്ത് വന്നിറങ്ങി ചെറിയ ബോട്ടില്‍ കരയണഞ്ഞ കഥ ഇന്ന് നടന്നതുപോലെ ആണ് എ കെ ഉസ്മാന്‍  സദസ്സിനോട് വിവരിച്ചത്. ചെറിയ ചെറിയ പല ജോലികള്‍ ചെയ്ത് ഇന്ന് കാണുന്ന അല്‍ മുഫ്താ റെന്റ് എ കാറും മറ്റ് സ്ഥാപനങ്ങളും കെട്ടിപ്പടുത്തതും അക്കാലങ്ങളില്‍ അനുഭവിച്ച ദുരിതങ്ങളും സാഹചര്യങ്ങളും ദോഹയിലെ പഴയ തലമുറയിലെയും പുതുതലമുറയിലെയും വ്യവസായികളും അല്ലാത്തവരുമായവരോട്  അദ്ദേഹം പങ്കുവെച്ചത് സദസിന് അവിസ്മരണീയമായ അനുഭവമായി.

തൃശൂര്‍ പാവറട്ടി എരവളപ്പില്‍ പി.എ.കുഞ്ഞുമുഹമ്മദിന്റെയും അമ്പലത്തുവീട്ടില്‍ തൈവളപ്പില്‍ ഇയ്യാത്തുമ്മയുടെയും മകനായി 1942 ഒക്‌ടോബര്‍ പതിമൂന്നിനാണ് ഉസ്മാന്റെ ജനനം. അഞ്ചാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടതോടെ തങ്ങളെ പഠിപ്പിച്ച് വലുതാക്കിയ ഉമ്മയാണ് തന്റെ റോള്‍ മോഡലെന്ന് പറയുന്ന ഉസ്മാന്‍ കോയമ്പത്തൂര്‍ ആര്‍ട്‌സ് കോളജില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിതാവിന്റെ തണലില്ലാതിരുന്നിട്ടും മക്കളെ വഴിതെറ്റിപ്പോവാതെ പഠിപ്പിക്കാന്‍ അമ്പതുകളില്‍ ഉമ്മ കാട്ടിയ ധൈര്യമാണ് എന്റെ ജീവിതത്തിലെ സകല പുരോഗതിക്കും കാരണമെന്നാണ് ഉസ് മാന്റെ പക്ഷം. കോപം വരുമ്പോള്‍ ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ച് കണ്ണടച്ചിരിക്കാനും അല്ലെങ്കില്‍ നമസ്‌ക്കരിക്കാനും പഠിപ്പിച്ച മാതാവിന്റെ ശിക്ഷണം ഇന്നും ജീവിതത്തില്‍ മങ്ങാതെ സൂക്ഷിക്കുന്നതിനാലാവണം പുഞ്ചിരിച്ച മുഖവുമായല്ലാതെ നമുക്ക് ഉസ്മാന്‍ എന്ന വ്യാപാരിയേയും ജനസേവകനെയും കാണാന്‍ കഴിയില്ല.

ചെറുപ്പത്തിലെ കുടുംബ ഭാരം ചുമലില്‍ വീണതിനാലാണ് പതിനെട്ടാമത്തെ വയസ്സില്‍ ഭാഗ്യ പരീക്ഷണത്തിന്നായി ബോംബെയിലേക്ക് വണ്ടി കയറിയത്. ബ്രിട്ടീഷ് കോണ്‍സുലേറ്റാണ് അക്കാലത്ത് ഖത്തറിലേക്കുള്ള വിസ അടിച്ചിരുന്നത്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ വിസ ലഭിച്ചെങ്കിലും കപ്പല്‍ കിട്ടാന്‍ അല്‍പ്പം കാത്തുനില്‍ക്കേണ്ടി വന്നു. ഒരു രൂപയാണ് അക്കാലത്ത് ബോംബെയില്‍ താമസിക്കാനുള്ള റൂമിന്ന് വാടക. പേര്‍ഷ്യന്‍ സ്വപ്‌നവും പേറി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കുറേ ആളുകളാണ് അന്നത്തെ ബോംബെ മലയാളികള്‍. ഇവര്‍ക്ക് താമസിക്കാനുള്ള സ്ഥലവും ഭക്ഷണവും ഒരുക്കിക്കൊടുക്കുന്നവരും മലയാളികളായിരുന്നു. വിസ ലഭിക്കാന്‍ കാലതാമസം നേരിടുമ്പോള്‍ പലരും നിത്യവൃത്തിക്കുള്ള പണത്തിന്നായി ജോലിക്ക് പോവും. പലകാരണങ്ങളാല്‍ യാത്ര സാധ്യമാവാതെ വരുന്നവര്‍ ചെറിയ കച്ചവടം തുടങ്ങും. ഇങ്ങിനെ ബോംബെയില്‍ തന്നെ തങ്ങിയവര്‍ നിരവധിയായിരുന്നു.

1961 ല്‍ എസ്.എസ്.ദ്വാരകയെന്ന കപ്പലിലാണ് ഉസ്മാന്‍ക്ക കടല്‍ മുറിച്ച് കടന്നത്. 115 രൂപയാണ് ഖത്തറിലേക്ക് ഏഴ് ദിവസത്തെ കപ്പല്‍ യാത്രക്ക് കൂലി. ഖത്തറിലെ ഇന്നത്തെ ഉംസൈദിലാണ് കപ്പല്‍ കരക്കടുത്തിരുന്നത്. ഖത്തര്‍ നാവിഗേഷന്‍ പോലീസ് വന്ന് യാത്രാ രേഖ പരിശോധിച്ചാണ് ഓരോരുത്തരേയും പുറത്തിറക്കുക. അമ്മാവന്റെ മകന്‍ കലന്തന്‍ ആ യാത്രയില്‍ ഉണ്ടായിരുന്നു. ബെന്‍സ് കാറുകളാണ് അന്ന് ടാക്‌സിയായി ഓടിയിരുന്നവയില്‍ ഏറെയും. നമ്പര്‍ പ്ലേറ്റ് ഒന്നും ഖത്തറില്‍ അക്കാലത്ത് നിലവില്‍ വന്നിട്ടില്ലായിരുന്നു. എയര്‍പ്പോര്‍ട്ട് ഉെണ്ടങ്കിലും അധികവും വന്നിരുന്നത് ഹെലികോപ്റ്ററുകളാണ്. റോഡ്, വൈദ്യുതി, വെള്ളം എന്നിവയൊന്നും ഖത്തറില്‍ സുലഭമായിരുന്നില്ല. സ്വദേശികളും വിദേശികളുമായി കഷ്ടി ഒരു ലക്ഷത്തോളം ജനങ്ങളുള്ള അവികസിത രാജ്യമായിരുന്ന ഖത്തറില്‍ എങ്ങിനെ ജീവിത മാര്‍ഗ്ഗം കണ്ടെത്തുമെന്ന ചിന്തയാണ് മനസ്സിനെ മദിച്ചത്. റസ്റ്റോറന്റുകളും ചെറിയ സൂഖുകളില്‍ സ്റ്റാളും നടത്തുന്ന കുറച്ച് മലയാളികളാണ് ആകെ ഉണ്ടായിരുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ എല്ലാവരും ഒരുമിച്ച് നാട്ടില്‍ നിന്നും പുതിയതായി വന്നവരെ സല്‍ക്കരിച്ച് നാട്ടിലെ കഥകേള്‍ക്കും. പത്രം, ടെലിവിഷന്‍, ഫോണ്‍, തപാല്‍ എന്നിവയൊന്നും ഇല്ലാതിരുന്ന ഗള്‍ഫിന്റെ പഴയ ജീവിതം അനുഭവിച്ചറിഞ്ഞവര്‍ക്കേ അന്നത്തെ ദുഃഖം ബോധ്യമാവുകയുള്ളു എന്നാണ് ലോകം വിരല്‍തുമ്പില്‍ നിര്‍ത്തുന്ന ആധുനിക പ്രവാസി സമൂഹത്തോട് ഉസ്മാന്‍ക്കാക്ക് പറയാനുള്ളത്.

ബ്രിട്ടീഷ് ബാങ്കില്‍ ഏ.കെ. മുഹമ്മദ് കുട്ടിക്കും ഖത്തര്‍ നേഷണല്‍ ട്രാവല്‍സ് എന്ന ഖത്തര്‍ എയര്‍പ്പോര്‍ട്ടില്‍ കുഞ്ഞുമോനുമടക്കം രണ്ട് മലയാളികള്‍ക്കാണ് അന്ന് നല്ലതെന്ന് പറയാവുന്ന ജോലിയുണ്ടായിരുന്നത്്. വാഹന ഇന്‍ഷൂറന്‍സ് സ്ഥാപനമായ അറേബ്യന്‍ ഇന്‍ഷൂറന്‍സ് കമ്പനിയിലാണ് എ.കെ. ഉസ്മാന് ആദ്യ ജോലി ലഭിക്കുന്നത്. നിയമനം ലഭിച്ച അന്ന് അപകടം സംഭവിച്ച ഒരു വാഹനത്തിന്റെ എസ്റ്റിമേറ്റും സ്റ്റേറ്റ്‌മെന്റും ഉണ്ടാക്കാനാണ് കമ്പനി ചുമതലപ്പെടുത്തിയത്. നാട്ടില്‍ നിന്ന് തന്നെ വാഹനത്തെക്കുറിച്ച് നല്ല ബോധമുള്ളതിനാല്‍ കേടുപറ്റിയ ഓരോ ഭാഗത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ച് കമ്പനിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ പ്രവൃത്തി ബോദ്ധ്യപ്പെട്ട കമ്പനി ഉടന്‍ തന്നെ ടെക്‌നിക്കല്‍ ക്ലര്‍ക്കാക്കി സ്ഥാനം നല്‍കി.

ജോര്‍ജ് ഹെഡ്‌വേര്‍ഡ് ബ്രൗണ്‍ എന്ന ഇംഗ്ലീഷുകാരന്‍ ദര്‍വീഷ് ഓട്ടോമൊബൈല്‍സിലേക്ക് ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ടൈപ്പ് ചെയ്യാന്‍ ടെസ്റ്റ് തന്നു. അയാള്‍ തന്ന കത്തിലെ വാചകം അക്ഷര തെറ്റുകള്‍ തിരുത്തി ടൈപ്പ് ചെയ്ത് പേപ്പര്‍ തിരികെ നല്‍കിയപ്പോള്‍ അയാള്‍ ഞെട്ടിയെന്നു മാത്രമല്ല, വര്‍ക്ക്‌ഷോപ്പ് ടെക്‌നിക്കല്‍ ജീവനക്കാരനായി നിയമിക്കുകയും ചെയ്തു. 1968ല്‍ ജോര്‍ജ് എഡ്‌വേര്‍ഡ് ബ്രൗണ്‍ ഖത്തറിലെ പ്രമുഖ വാഹന വിതരണസ്ഥാപനമായ ജൈദ മോട്ടോഴ്‌സില്‍ ചേര്‍ന്നു. അയാള്‍ക്കൊപ്പം ഉസ്മാന്‍ക്കയും ജൈദയില്‍ ചേര്‍ന്നു. വര്‍ക്ക് ഷോപ്പ് ടെക്‌നിക്കല്‍ ക്ലര്‍ക്കായിച്ചേര്‍ന്ന ഉസ്മാന്‍ക്കയാണ് ജൈദയിലെ ആദ്യത്തെ വര്‍ക്ക് ഷോപ്പ് കാര്‍ഡ് എഴുതിയത്. ഈ ഇംഗ്ലീഷുകാരന്റെ ഭാര്യ ഫലസ്തീനിയായിരുന്നു. നന്നായി അറബി സംസാരിച്ചിരുന്ന അദ്ദേഹത്തിന് പട്ടാളത്തില്‍ ലെഫ്റ്റനന്റ് കേണലായി ജോലി ലഭിച്ചപ്പോള്‍ ഉസ്മാന്‍ക്കയേയും ക്ഷണിച്ചെങ്കിലും അപ്പോഴേക്കും സഹോദരി ഭര്‍ത്താവ് ഹമീദ്ക്കയുമായി ചേര്‍ന്ന് കാര്‍ റെന്റല്‍ തുടങ്ങാന്‍ ധാരണയായിരുന്നു.

ഇന്ന് ഖത്തറിലെ നമ്പര്‍ വണ്‍ സ്ഥാപനമായി വളര്‍ന്ന അല്‍ മുഫ്ത റെന്റ് എ കാറിന് ഈ മേഖലയില്‍ നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമകളായ ഹമീദ്ക്കയും എ.കെ. ഉസ്മാനും ഒരു മാതാപിതാക്കള്‍ക്ക് പിറക്കാതെ പോയ സഹോദരന്മാരായാണ് ജീവിച്ചത്. കൂട്ടു വ്യാപാരത്തിന്റെ ഓരോ വളര്‍ച്ചയിലും ഇവരുടെ രണ്ടു പേരുടെയും കൂട്ടായ യത്‌നങ്ങളാണുള്ളത്. ഒരു കാര്യത്തിനും മുഖം കറുപ്പിച്ച് സംസാരിക്കുകയോ, ഒരാള്‍ ചെയ്ത കാര്യത്തിന് കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഒന്നിച്ച് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലും രണ്ടു പേരും തുല്യ പങ്കാളികളുമാണ് എന്നതും ഈ ബന്ധത്തെ വേറിട്ട് നിര്‍ത്തുന്നു. ഹമീദ്ക്കയുടെ വിയോഗം ഉസ്മാന്‍ക്കയെ ഏറെ തളര്‍ത്തിയെങ്കിലും ദൈവത്തിന്റെ അലംഘനീയമായ വിധി അംഗീകാരിച്ച് ക്ഷമയോടെ മുന്നേറുകയാണ് . ഹമീദ്ക്കയുടെ മകന്‍ ഫാസില്‍ അബ്ദുല്‍ ഹമീദും ഉസ്മാന്‍ക്കയുടെ മകന്‍ സിയാദ് ഉസാമാനും ജനറല്‍ മാനേജര്‍മാരായി പിതാക്കളുടെ മാതൃക പിന്തുടര്‍ന്നാണ് ഇപ്പോള്‍ സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ് .


ആറ് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതാനുഭവങ്ങളുള്ള ഖത്തറിലെ മുതിര്‍ന്ന മലയാളിയായ എ.കെ. ഉസ്മാന്‍ ജീവിതപാഠത്തെ ഇവ്വിധം ചുരുക്കി സംഗ്രഹിക്കുന്നു. പ്രയാസമുള്ള കാര്യത്തെപറ്റി ചിന്തിക്കുകയും അതിന്റെ യാഥാര്‍ത്ഥ്യത്തിനായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യുക. തന്നേക്കാള്‍ താഴെതട്ടിലുളള മനുഷ്യരെ നോക്കി ജനസമൂഹത്തെ പറ്റി ചിന്തിക്കുക. ദൈവത്തെ നിരന്തരം ഓര്‍ത്ത് കര്‍മ്മങ്ങളില്‍ വ്യാപരിക്കുക. നിഷ്‌കളങ്കമായ സ്‌നേഹവും മനുഷ്യപറ്റും എന്നും കാത്തുസൂക്ഷിക്കുക, ഏവരോടും വിനയത്തോടെ പെരുമാറുക, ദൈവിക സഹായം എന്നും തുണയാകും.


മലപ്പുറം എരമംഗലം സ്വദേശി എം.ടി. ഖദീജയാണ് ഭാര്യ. ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ഡെര്‍മറ്റോളജി വിഭാഗം ഡോക്ടര്‍ ഫുവാദ് ഉസ്മാന്‍, അല്‍ മുഫ്ത റെന്റ് എ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോ കെ.പി നജീബിന്റെ ഭാര്യ ഫൗസിയ ഉസ്മാന്‍ എന്നിവരാണ് മക്കള്‍.

അറേബ്യന്‍ സംസ്‌കാരത്തിന്റെ സര്‍വ നന്മകളും സൂക്ഷിക്കുന്ന അബ്ദുറഹിമാന്‍ അല്‍ മുഫ്ത എന്ന സ്‌പോണ്‍സറും കുടുംബവും നല്‍കിവരുന്ന പിന്തുണയും സ്വദേശികളുടേയും വിദേശികളുടേയും സ്‌നേഹോഷ്മളമായ സഹകരണവും തന്റെ കുടുംബത്തിന്റെ പ്രാര്‍ഥനാപരമായ ഇടപെടലുകളുമാണ് ജീവിതയാത്രയില്‍ അവിസ്മരണീയമായ സംഭവങ്ങള്‍ സാധ്യമാക്കിയതെന്നാണ് അദ്ദേഹം കരുതുന്നത്.

Related Articles

Back to top button
error: Content is protected !!