കോവിഡ് പ്രതിരോധരംഗത്തെ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് പ്രതിരോധരംഗത്തെ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ഖത്തറിന്റെ അര്‍പ്പണബോധവും പ്രതിബദ്ധതയും പ്രശംസനീയമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അഭിപ്രായപ്പെട്ടു.
ലോകാരോഗ്യസംഘടനയുടെ 13-ാമത് ജനറല്‍ പ്രോഗ്രാമിനെ പിന്തുണച്ച് 10 മില്യന്‍ ഡോളര്‍ സഹായിക്കുന്ന ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റുമായി (ക്യു.എഫ്.എഫ്.ഡി) ഒരു കോര്‍ കോണ്‍ട്രിബ്യൂഷന്‍ കരാറില്‍ ഒപ്പുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ട്വീറ്റ് ചെയ്തു
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവരിയോടും ക്യു.എഫ്എഫ്ഡി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരിയോടും പ്രത്യേകം നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും ദുര്‍ബലരായവരെ സേവിക്കുന്നതിനും ലോകാരോഗ്യ സംഘടനയെ പിന്തുണച്ചതിന് ഖത്തറിനോട് പ്രത്യേകം നന്ദി പറയുന്നു.
‘കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ കാണിച്ച സമര്‍പ്പണവും പ്രതിജ്ഞാബദ്ധതയും മാതൃകാപരമാണ്. ഖത്തര്‍ സര്‍ക്കാരിനെയും ജനങ്ങളെയും അഭിനന്ദിക്കാനും ആഗോള ആരോഗ്യ സുരക്ഷയിലും സുസ്ഥിര വികസനത്തിലും ഈ രാജ്യം വഹിക്കുന്ന ശക്തമായ പങ്കിന് നന്ദി പറയുന്നതിനും ഈ അവസരം ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു