ഖത്തര്‍ അമീര്‍ മിലിപ്പോള്‍ സന്ദര്‍ശിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന പതിമൂന്നാമത് മിലിപ്പോള്‍ എക്സിബിഷന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അമീറിനെ അനുഗമിച്ചു.
ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് രംഗത്തെ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സംബന്ധിച്ച പ്രദര്‍ശനത്തിലൂടെ അമീറും സംഘവും നടന്നു കണ്ടു. എക്സിബിഷന്റെ പവലിയനുകളും പൊതു സുരക്ഷ, സൈബര്‍ സുരക്ഷ, സിവില്‍ ഡിഫന്‍സ് ഉപകരണങ്ങള്‍, പ്രധാന ഇവന്റ് സെക്യൂരിറ്റി മാനേജ്മെന്റ് എന്നീ മേഖലകളില്‍ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ പ്രദര്‍ശിപ്പിച്ച ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും ബന്ധപ്പെട്ടവര്‍ അമീറിനും സംഘത്തിനും വിശദീകരിച്ചുകൊടുത്തു. നിരവധി ആധുനിക സൈനിക കവചിത വാഹനങ്ങള്‍, ആയുധങ്ങള്‍, കവചിത കാറുകള്‍ എന്നിവയും അമീര്‍ സന്ദര്‍ശിച്ചു.
മാര്‍ച്ച് 17 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 17 രാജ്യങ്ങളില്‍ നിന്നായി 71 വിദേശ കമ്പനികളും ഖത്തറില്‍ നിന്നുള്ള 72 കമ്പനികളും പങ്കെടുക്കുന്നുണ്ട്.