ഖത്തറില്‍ മിനിമം വേതന നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും കമ്പനി ജീവനക്കാര്‍ക്കുമുള്ള മിനിമം വേതന നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 2020 ലെ നിയമ നമ്പര്‍ 17 നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2021 മാര്‍ച്ച് 20 ശനിയാഴ്ച മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും പുതിയ മിനിമം വേതനം ബാധകമാകുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിയമമനുസരിച്ച് തൊഴില്‍ കരാറുകള്‍ ഉണ്ടാക്കുമ്പോള്‍ മിനിമം വേതനം 1,000 റിയാലായിരിക്കും. തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും താമസവും ഭക്ഷണവും നല്‍കാത്ത സാഹചര്യത്തില്‍ തൊഴിലുടമ അലവന്‍സ് അനുവദിക്കണമെന്നും നിയമം അനുശാസിക്കുന്നു. മിനിമം താമസ അലവന്‍സ് 500 റിയാലും മിനിമം ഭക്ഷ്യ അലവന്‍സ് 300 റിയാലുമായിരിക്കും. ഇക്കാര്യങ്ങളൊക്കെ തൊഴില്‍ കരാറില്‍ രേഖപ്പെടുത്തണം.
2020 സെപ്റ്റംബറില്‍ തന്നെ ഗള്‍ഫ് മേഖലയില്‍ ആദ്യമായി രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേതനനിയമം പ്രഖ്യാപിച്ച, അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബര്‍, സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം കരാറുകളുടെ പ്രായോഗിക നടത്തിപ്പിന് കമ്പനികള്‍ക്ക് ആറ് മാസത്തെ സാവകാശംം അനുവദിക്കുകയായിരുന്നു.
മിനിമം അടിസ്ഥാന വേതനം, പാര്‍പ്പിടം, ഭക്ഷണം എന്നിവ നടപ്പാക്കുന്നത് ഖത്തറിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും തൊഴിലുടമയും ജീവനക്കാരനും തമ്മില്‍ മികച്ച ബന്ധം സൃഷ്ടിക്കുകയും ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. വിവേചനരഹിതമായ മിനിമം വേതനം നടപ്പാക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് ഖത്തര്‍ എന്നും ഖത്തര്‍ വിഷന്‍ 2030 മുന്നോട്ടുവെക്കുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങാനുള്ള പരിവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.
തൊഴിലുടമകളുമായും കമ്പനികളുമായും ബന്ധപ്പെടുകയും വിവിധ ഭാഷകളിലായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന് ശേഷമാണ് മിനിമം വേതനനിയമം നടപ്പാക്കുന്നത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനുമായി (ഐഎല്‍ഒ) സഹകരിച്ചും ദേശീയ അന്തര്‍ദ്ദേശീയ വിദഗ്ധരുമായും വിവിധ സാമ്പത്തിക മേഖലകളില്‍ നിന്നുള്ള തൊഴിലാളികളുമായും തൊഴിലുടമകളുമായും കൂടിയാലോചിച്ചാണ് ഈ നിയമം നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
മിനിമം വേതനം സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ 16008 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെടാം.