IM Special

എം.വി. മുസ്തഫയുടെ സ്നേഹസഞ്ചാരം

ഡോ. അമാനുല്ല വടക്കാങ്ങര

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ എം.വി. മുസ്തഫ കൊയിലാണ്ടി മനുഷ്യ സ്നേഹത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. അധികമാരും കടന്നുചെല്ലാത്ത മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുസ്തഫ തന്റെ ജീവിതനിയോഗം അടയാളപ്പെടുത്തുന്നത്. വര്‍ഷം തോറും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സംഗീത വിരുന്നും സദ്യയുമൊരുക്കി സായൂജ്യമടയുന്ന മുസ്തഫയുടെ സ്നേഹസഞ്ചാരത്തിന്റെ വഴികള്‍ മാതൃകാപരമാണ്.

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ടാവ് മാടാക്കര ഇ.കെ. അഹ്മദ്, ആയിഷ ദമ്പതികളുടെ ഇളയ മകനായ മുസ്തഫ ചെറു പ്രായത്തിലേ സൗദി അറേബ്യയിലാണ് പ്രവാസജീവിതം തുടങ്ങിയത്. എന്നാല്‍ അധിക കാലം അവിടെ തുടരാനായില്ല. ഒരു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു. മുബൈ വഴിയായിരുന്നു യാത്ര. മുബൈയില്‍ വെച്ച് ഗുണ്ടകള്‍ തട്ടികൊണ്ടുപോവുകയും അവരില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തതൊക്കെ വിവരിക്കുമ്പോള്‍ ഇപ്പോഴും മുസ്തഫ വൈകാരികമാകും. അത്രക്കും ഭീകരമായിരുന്നു രംഗം. മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിഞ്ഞ നിമിഷങ്ങള്‍. ചേമ്പൂരിലെ ഗുണ്ടകളുടെ താവളത്തില്‍ മരണം മുന്നില്‍ കണ്ട രംഗമോര്‍ക്കുമ്പോള്‍ ഒരു നിലക്ക് ഇതെന്റെ രണ്ടാം ജന്മമാണെന്നാണ് അദ്ദേഹം പറയുന്നത്.

1991 ഭാര്യാ പിതാവ് ആലിക്കുട്ടി സംഘടിപ്പിച്ച വിസയില്‍ ദോഹ മോഡേണ്‍ പ്രിന്റിംഗ് പ്രസ്സില്‍ ഓഫീസ് ബോയിയായി കരിയര്‍ ആരംഭിച്ച മുസ്തഫ ഇപ്പോള്‍ അവരുടെ ഒരു ഡിവിഷനില്‍ സെയില്‍സ്് എക്സിക്യൂട്ടീവാണ്.

ചെറുപ്പം മുതലേ ജനസേവന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്തഫയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. നെസ്റ്റ് കൊയിലാണ്ടി, ഫോക്, സിംഫണി, കൊയിലാണ്ടികൂട്ടം മുതലായ പല വേദികളും മുസ്തഫയുടെ സേവനപ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായയി ഉമ്മന്‍ചാണ്ടിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാനായത് വലിയ ഭാഗ്യമായാണ് മുസ്തഫ കരുതുന്നത്.

സുഹൃത്തുക്കളായ ഫരീദ് തിക്കോടി, കണ്ണൂര്‍ ഷമീര്‍, നിഷാദ് ഗുരുവായൂര്‍, റഫീഖ് മാറഞ്ചേരി, ഗഫൂര്‍ കൊയിലാണ്ടി തുടങ്ങിവരുമായി ചേര്‍ന്ന് തുടങ്ങിയ ഈണം ദോഹ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയമായ കൂട്ടായ്മയാണ്. സംഗീതത്തിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം എന്ന മഹത്തായ ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

2016 മുതലാണ് ഓരോ വര്‍ഷവും മുടങ്ങാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സംഗീത വിരുന്നും സദ്യയും നല്‍കുന്നത്. സ്നേഹത്തിന്‍ പൂഞ്ചോലതീരത്തേക്ക് കൂട്ടികൊണ്ടുപോയി മാനസിക രോഗികളുടെ കണ്ണുകളില്‍ കൗതുകം വിരിയുന്നത് കണ്ട് സായൂജ്യമടയുന്ന ഈ സാമൂഹ്യ പ്രവര്‍ത്തകന്‍ തികച്ചും വേറിട്ട മാതൃകയാണ്.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായും വൈവിധ്യമാര്‍ന്ന പരിപാടികളാണ് അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. അഭയം പൂക്കാട്, നെസ്റ്റ് കൊയിലാണ്ടി, തണല്‍ വടകര, അത്താണി നരിക്കുനി തുടങ്ങിയ സംരംഭങ്ങളുമായൊക്കെ സഹകരിച്ചാണ് അദ്ദേഹം പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്.

കോവിഡ് കാലത്ത് കണ്ണൂരിലെ ഭിന്നശേഷിക്കാരന്‍ വൈശാഖ് എന്ന ബാലനെക്കുറിച്ച് കേട്ട മുസ്തഫ അവന് സ്‌ക്കൂളില്‍ പോകുവാന്‍ ഒരു ഓട്ടോ റിക്ഷ വാങ്ങിക്കൊടുത്തതോടെ ഒരു കുടുംബത്തിന് ജീവിതമാര്‍ഗമാണ് ലഭിച്ചത്.

സ്നേഹതീരമെന്ന മനോഹരമായ കൂട്ടായ്മയുടെ ധ്യക്ഷനായ മുസ്തഫ സ്വന്തമായി വീട് വെച്ചപ്പോള്‍ സ്നേഹം എന്നാണ് അതിന് നാമകരണം ചെയ്തത്. പലപ്പോഴും രക്തബന്ധത്തേക്കാള്‍ ശക്തമാണ് സ്നേഹ ബന്ധങ്ങളെന്നും അത്തരം സ്നേഹങ്ങളാണ് തന്റെ എല്ലാ എളിയ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്ത് പകരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.

വഹീദയാണ് ഭാര്യ. ശഹമ, ശിബില്‍ റഹ്മാന്‍, ശഹീല്‍ മുസ്തഫ എന്നിവര്‍ മക്കളും ശന്‍സ നബീല്‍ ചെറുമകളുമാണ്.

Related Articles

Back to top button
error: Content is protected !!