കോവിഡിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളാണ് ഖത്തറില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: വേഗം പടരുന്നതും കൂടുതല്‍ അപകടകാരികളുമായ കോവിഡിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളാണ് ഖത്തറില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ്് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ രണ്ടാം തരംഗംകൂടുതല്‍ ഗുരുതരമാണ്. ആശുപത്രിയില്‍ വിശിഷ്യ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നത് അപകടത്തിന്റെ വ്യാപ്തിയാണ് അടയാളപ്പെടുത്തുന്നത്. നാം ഇനിയും രണ്ടാം തരംഗത്തിന്റെ ഉച്ചിയില്‍ എത്തിയിട്ടില്ല. ഏകദേശം മധ്യത്തിലാണ് ഇപ്പോഴുള്ളത്. അതിനാല്‍ മന്ത്രാലയം നിര്‍ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പൂര്‍ണമായും പാലിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കുവാന്‍ കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുതിയ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഓരോ ദിവസവും 900 ല്‍ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് അത്യന്തം ഗുരുതരമാണ്.
സാധ്യമായ എല്ലാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയെങ്കിലും കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദവും യുകെ, വകഭേദവുമാണ്
ഇപ്പോള്‍ വ്യാപിക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് കാര്യമായ പങ്കുണ്ട്.
നിയന്ത്രണങ്ങള്‍ പാലിക്കുവാനും മഹാമാരിയെ പിടിച്ചുകെട്ടുവാനും സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകും. അല്ലാത്ത പക്ഷം കൂടുതല്‍ കണിശമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങുവാന്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി