കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ച സ്ഥാപനങ്ങള്‍ക്ക് പിന്തുണയുമായി ഖത്തര്‍ ഗവണ്‍മെന്റ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ച സ്ഥാപനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ ഗവണ്‍മെന്റ് . ഇന്നലെ ഉച്ച കഴിഞ്ഞ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന കേബിനറ്റ് യോഗമാണ് ഇവ്വിഷയകമായ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചത്.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ഫലമായി രാജ്യത്തെ നിലവിലെ അവസ്ഥ കണക്കിലെടുത്ത്, സ്വകാര്യമേഖലയ്ക്ക് സാമ്പത്തികമായ ഉത്തേജനം നല്‍കുന്നതിന് ഖത്തര്‍ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന്, കോവിഡ് -19 ന്റെ വ്യാപനത്തെ നേരിടാനുള്ള മുന്‍കരുതല്‍ നടപടികള്‍ കാരണം അടച്ചുപൂട്ടല്‍ ബാധിച്ച മേഖലകള്‍ക്ക് അധിക പിന്തുണ പാക്കേജുകള്‍ മന്ത്രിസഭ പ്രഖ്യാപിച്ചു. ഇതനുസരിച്ച്
1 2021 സെപ്റ്റംബര്‍ അവസാനം വരെ അടച്ച മേഖലകളെ വൈദ്യുതി, ജല ഫീസ് എന്നിവയില്‍ നിന്ന് ഒഴിവാക്കും
2 ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിലെ ദേശീയ ഗ്യാരണ്ടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 2021 സെപ്റ്റംബര്‍ അവസാനം വരെ നീട്ടും
3 ദേശീയ ഗ്യാരണ്ടി പ്രോഗ്രാമില്‍ പലിശ ഇളവ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടി ണ്ട് വര്‍ഷത്തേക്ക് പലിശയില്ലാതെ പദ്ധതി ലഭ്യമാക്കും. കൂടാതെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിരക്കില്‍ + 2% കവിയാത്ത പലിശ നിരക്കില്‍ രണ്ട് വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കാനുള്ള സൗകര്യം നല്‍കും.
4 അടച്ച മേഖലകള്‍ക്കുള്ള ശമ്പളത്തിനും വേതനത്തിനുമുള്ള ധനസഹായത്തിന്റെ പരിധി പ്രസക്തമായ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് ഒരൊറ്റ പേഴ്‌സണല്‍ കാര്‍ഡിന് 15 മില്ല്യണ്‍ റിയാലായി ഉയര്‍ത്തും
5 പ്രാദേശിക ബാങ്കുകളുടെ പണലഭ്യതയെ ആവശ്യാനുസരണം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്തുണയ്ക്കും.