
ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മുഴുവന്‍ കോവിഡ് വാക്സിന്‍ ഉറപ്പാക്കാന്‍ പദ്ധതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: 2022 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മുഴുവന്‍ കോവിഡ് വാക്സിന്‍ ഉറപ്പാക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഥാനി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയവും ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച റെയ്‌സീന ഡയലോഗില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാമെന്ന് ഞങ്ങള്‍ വാക്സിനേഷന്‍ ദാതാക്കളുമായി ചര്‍ച്ച നടത്തുകയാണെന്നും ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ 2022 ലോകകപ്പ് കോവിഡ് രഹിത ഇവന്റായി ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി മറ്റൊരു വീഡിയോയില്‍ പറഞ്ഞു.
ആഗോള സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു ബഹുമുഖ സമ്മേളനമാണ് റെയ്‌സീന ഡയലോഗ്. വ്യക്തിഗത സംഭാഷണങ്ങളും ഡിജിറ്റല്‍ ചര്‍ച്ചകളും വാഗ്ദാനം ചെയ്യുന്ന ഒരു ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് ഈ വര്‍ഷം സമ്മേളനം ആതിഥേയത്വം വഹിച്ചത്.