ഹണിവെല്ലിന്റെ ഏറ്റവും പുതിയ അള്‍ട്രാവയലറ്റ് ക്യാബിന്‍ അണുവിമുക്തമാക്കല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ആഗോള വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഹണിവെല്ലിന്റെ ഏറ്റവും പുതിയ അള്‍ട്രാവയലറ്റ് ക്യാബിന്‍ അണുവിമുക്തമാക്കല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ആഗോള വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് .
കോവിഡ് പ്രതിരോധ രംഗത്ത് മികച്ച മുന്നൊരുക്കങ്ങളുമായി യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയൊരുക്കുന്ന ഖത്തര്‍ എയര്‍വേയ്‌സ് ഹണിവെല്ലിന്റെ അള്‍ട്രാവയലറ്റ് (യുവി) ക്യാബിന്‍ സിസ്റ്റം പതിപ്പ് 2.0 പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ ആഗോള വിമാന കമ്പനിയായി മാറുമ്പോള്‍ ഏവിയേഷന്‍ രംഗത്ത് പുതിയ ഉണര്‍വ് സൃഷ്ടിക്കുകയാണ് .
ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസിന്റെ (ക്യുഎഎസ്) ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തിപ്പിക്കുന്നതുമായ ഹണിവെല്‍ യുവി ക്യാബിന്‍ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് അതിന്റെ മുന്‍ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ വിശ്വാസ്യത, ചലനാത്മകത, ഉപയോഗ സൗകര്യം എന്നിവയുള്ളതും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ഭാഗങ്ങള്‍ അണുവിമുക്തമാക്കാന്‍ സഹായകവുമാണ് .
കോക്ക്പിറ്റ്, മറ്റ് ചെറിയ ഇടങ്ങള്‍ എന്നിവ അണുവിമുക്തമാക്കുന്നതും പ്രത്യേക സംവിധാനമുണ്ട്.
യുവി ലൈറ്റ് ശരിയായി പ്രയോഗിക്കുമ്പോള്‍ വിവിധ വൈറസുകളും ബാക്ടീരിയകളും നിര്‍ജ്ജീവമാക്കാന്‍ കഴിവുണ്ടെന്ന് ക്ലിനിക്കല്‍ പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്.
ഹണിവെല്‍ യുവി ക്യാബിന്‍ സിസ്റ്റം വി 2 ന്റെ ഏറ്റവും പുതിയ പതിപ്പിന്റെ 17 യൂണിറ്റുകള്‍ ലഭിച്ച ശേഷം, ഉപകരണങ്ങളെല്ലാം ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി.ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (എച്ച്‌ഐഎ) എല്ലാ വിമാനങ്ങളിലും പ്രവര്‍ത്തിപ്പിക്കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്.