റമദാനില്‍ രക്തദാന കാമ്പയിനുമായി ഹമദ് മെഡിക്കല്‍ കോര്പറേഷന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റമദാനില്‍ രക്തദാന കാമ്പയിനുമായി ഹമദ് മെഡിക്കല്‍ കോര്പറേഷന്. സൂഖ് വാഖിഫിലും മുശൈരിബിലുമുള്ള രണ്ട് മൊബൈല്‍ യൂണിറ്റിലും ഹമദ് ജനറല്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നും ഒ.പി. ക്ക് എതിര്‍വശമുള്ള സര്‍ജിക്കല്‍ കെയര്‍ സെന്ററിനടുത്തും നാലു കേന്ദ്രങ്ങളിലായയാണ് രക്തദാന യൂണിറ്റുകളുള്ളത്.
ഖത്തര്‍ ഞങ്ങളുടെ രക്തത്തിലാണ് എന്ന ശീര്‍ഷകത്തിലുള്ള സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ സ്വദേശികളേയും വിദേശികളേയും രക്തം ദാനം ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്ന കാമ്പയിനാണ് നടക്കുന്നത്. രക്തദാനം ജീവദാനമാണെന്നും നമ്മുടെ രക്തത്തിന് മറ്റൊരാളുടെ ജീവന് രക്ഷിക്കാനായാല്‍ അതാകും ഏറ്റവും വലിയ പുണ്യമെന്നും കാമ്പയിന് ഓര്‍മിപ്പിക്കുന്നു.
സൂഖ് വാഖിഫിലും മുശൈരിബിലുമുള്ള് മൊബൈല്‍ യൂണിറ്റുകള്‍ എല്ലാ ദിവസവും രാത്രി 8 മണിമുതല്‍ 12 മണിവരെയാണ് പ്രവര്‍ത്തിക്കുക.
ഹമദ് ജനറല്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള രക്തദാന കേന്ദ്രം വെള്ളി ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരേയും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരേയും പ്രവര്‍ത്തിക്കും. ഒ.പി. ക്ക് എതിര്‍വശമുള്ള സര്‍ജിക്കല്‍ കെയര്‍ സെന്ററിനടുത്തുള്ള പുതിയ രക്തദാന കേന്ദ്രം വെളളി ഒഴികെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരേയാണ് പ്രവര്‍ത്തിക്കുക.
റമദാനില്‍ രക്തം ദാനം ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും പ്രായപൂര്‍ത്തിയായ ആരോഗ്യവാന്മാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രക്തം ദാനം ചെയ്യാമെന്നും ഹമദ് മെഡിക്കല്‍ കോര്പറേഷന് വ്യക്തമാക്കി.