ഖത്തറില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയോഗമാണ് അനുമതി നല്‍കിയത്. തീരുമാനം ഏപ്രില്‍ 29, വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ തീരുമാനം തുടരും.
അടിയന്തര കേസുകളൊഴികെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെ എല്ലാ മെഡിക്കല്‍ സേവനങ്ങളും നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള മുന്‍ തീരുമാനം ഭേദഗതി ചെയ്ത മന്ത്രിസഭ സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ക്ക് 50 % ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്നും ആധുനിക ആശയവിനിമയ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും നിരീക്ഷിച്ചു.
കോവിഡ് സ്ഥിതിഗതികളെക്കുറിച്ച പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി നല്‍കിയ വിശദീകരണം കേട്ട മന്ത്രി സഭ പാന്‍ഡെമിക്കിനെ പ്രതിരോധിക്കാന്‍ നിലവിലെ മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്നും സ്ഥിരീകരിച്ചു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നുള്ള നടപടികളെക്കുറിച്ചുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
ഇരട്ടനികുതി ഒഴിവാക്കല്‍, വരുമാനത്തിനും മൂലധനത്തിനുമുള്ള നികുതി സംബന്ധിച്ച് നികുതി വെട്ടിപ്പ് തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഖത്തര്‍ സര്‍ക്കാരും ഒമാന്‍ സര്‍ക്കാരും തമ്മിലുള്ള കരട് കരാറിന് അംഗീകാരം നല്‍കി.
ഖത്തര്‍ സര്‍ക്കാരുകളും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും തമ്മിലുള്ള സമുദ്ര ഗതാഗത കരാര്‍ അംഗീകരിക്കുന്നതിന് മന്ത്രിസഭ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു മുതലായവയായിരുന്നു ഇന്നലെ നടന്ന മന്ത്രി സഭ നടപടികളില്‍ പ്രധാനം.