ഖത്തറിലെ പ്രഥമ ലാപ്‌ടോപ് നിര്‍മാണ പദ്ധതിയുമായി ഖത്തര്‍ഫ്രീ സോണ്‍ അതോരിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രഥമ ലാപ്‌ടോപ് നിര്‍മാണ പദ്ധതിയുമായി ഖത്തര്‍ഫ്രീ സോണ്‍ അതോരിറ്റി . അമേരിക്കയിലെ ഫ്‌ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റലിജന്റ് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് കമ്പനിയായ ഐലൈഫ് ഡിജിറ്റലും അലി ബിന്‍ അലി ഹോള്‍ഡിംഗിന്റെ അനുബന്ധ സ്ഥാപനമായ പ്രൈം ടെക്‌നോളജീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഖത്തറിലെ ഉമ്മുല്‍ ഹൗള്‍ ഫ്രീ സോണില്‍ അത്യാധുനിക ഉല്‍പാദന കേന്ദ്രത്തിന്റെ പണി പുരോഗമിക്കുകയാണ് .
2,500 ചതുരശ്ര മീറ്റര്‍ ഫാക്ടറിയില്‍ ലാപ്‌ടോപ്പുകള്‍, പിസികള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെ നൂതനമായ ഐലൈഫ് ബ്രാന്‍ഡഡ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതലായവയാണഅ ഉല്‍പാദിപ്പിക്കുക. മെന മേഖലയില്‍ മിതമായ നിരക്കില്‍ ഇലക്ട്രോണിക് പ്രോജക്റ്റുകള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫാക്ടറിയിലെ ഉത്പാദനം 2021 ആഗസ്റ്റില്‍ ആരംഭിക്കുമെന്നും ഒരു വര്‍ഷം 350,000 ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക്‌സ് ഉല്‍പാദനത്തിന് പുറമേ, ലോജിസ്റ്റിക്‌സ്, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളെ ഫാക്ടറി പിന്തുണയ്ക്കുകയും ഒരു ഉപഭോക്തൃ പരിഹാര കേന്ദ്രം തയ്യാറാക്കുകയും ചെയ്യും.
ഐലൈഫ് ഡിജിറ്റലും പ്രൈം ടെക്‌നോളജീസും തമ്മിലുള്ള ഈ പങ്കാളിത്തം ഉമ്മുല്‍ ഹോള്‍ ഫ്രീ സോണില്‍ ആതിഥേയത്വം വഹിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഖത്തര്‍ മന്ത്രിയും ഖത്തര്‍ഫ്രീ സോണ്‍ അതോരിറ്റി (ക്യുഎഫ്എസ്എ) ചെയര്‍മാനുമായ അഹ് മദ് അല്‍ സെയ്ദ് പറഞ്ഞു. രാജ്യത്തിന്റേയും മേഖലയുടേയും വളര്‍ച്ചാവികാസത്തിന് ഖത്തരി സ്വകാര്യ മേഖലയുമായുള്ള ഞങ്ങളുടെ അടുത്ത സഹകരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ഈ പങ്കാളിത്തം ആഗോള വ്യാപാരത്തിലെ ഖത്തറിന്റെയും ഖത്തര്‍ ഫ്രീ സോണിന്റേയും തന്ത്രപരമായ സ്ഥാനം അടയാളപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.