സര്‍ജ്ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിലെ അവസാനത്തെ കോവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തു, ഉടന്‍ സാധാരണ സേവനങ്ങള്‍ ആരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകമായി സജ്ജമാക്കിയ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഏഴ് കേന്ദ്രങ്ങളിലൊന്നായിരുന്ന സര്‍ജ്ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിലെ അവസാന കോവിഡ് രോഗിയേയും ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. താമസിയാതെ സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്റിറിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.
മികച്ച സേവനങ്ങള്‍ നല്‍കിയ സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിലെ ജീവനക്കാരേയും ഡോക്ടര്‍മാരേയും മെഡിക്കല്‍ പാരാമെഡിക്കല്‍ സ്റ്റാഫുകളേയും മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. അവസാനമായി ഡിസ്ചാര്‍ജ് ചെയ്ത് പോകുന്ന രോഗികളുമായും മന്ത്രി സംസാരിച്ചു. അവര്‍ അവര്‍ക്ക് ലഭിച്ച മികച്ച പരിചരണത്തിനും സേവനത്തിനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനോടുള്ള നന്ദി അറിയിച്ചു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ആറ് ആഴ്ചക്കാലം 709 രോഗികളാണ് സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററില്‍ നിന്നും രോഗമുക്തരായി വീട്ടിലേക്ക് പോയത്. 337 തീവ്രകേസുകളും 372 ഐ.സി.യു കേസുകളും സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററില്‍ കൈകാര്യം ചെയ്തു. കോവിഡിന്റെ യു.കെ, സൗത്താഫ്രിക്ക കഭേദങ്ങള്‍ കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും വളരെ വേഗം അത് ജനങ്ങളിലേക്ക് പകരുകയും പ്രശ്‌നം ഗുരുതരമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ആശുപത്രി അഡ്മിഷന്‍ ആവശ്യമായപ്പോഴാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഏഴ് കേന്ദ്രങ്ങളെ കോവിഡ് ആശുപത്രികളായി പ്രത്യേകം സജ്ജമാക്കിയത്.
സര്‍ജ്ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിന് പുറമേ ഹസന്‍ മുബൈറിക് ജനറല്‍ ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, റാസലഫാന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, വക്‌റഹോസ്പിറ്റല്‍ എന്നീ കേന്ദ്രങ്ങളായിരുന്നു പ്രത്യേകമായ കോവിഡ് ആശുപത്രികളായി സജ്ജീകരിച്ചിരുന്നത്.
കണിശമായ നിയന്ത്രണങ്ങളും ആരോഗ്യ പരിചരണവും കാരണം രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും ആശുപത്രി അഡ്മിഷന്‍ ആവശ്യമുള്ള കേസുകളുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഓരോ കേന്ദ്രങ്ങളും പഴയ നിലയിലേക്ക് സേവന പ്രവര്‍ത്തനങ്ങളുമായി തിരിച്ച് വരുമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
കോവിഡിനെതിരെയുള്ള പ്രതിരോധം അവസാനിച്ചിട്ടില്ലെന്നും നിരന്തരമായ ബോധവത്കരണവും പ്രതിരോധ സുരക്ഷ മുന്‍ കരുതലുകളും എടുത്ത് കൊണ്ട് സമൂഹം ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.