സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങളുമായി നന്ദന ബിജുകുമാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങളുമായി ഖത്തറിലെ ബിര്‍ള പബ്ളിക് സ്ക്കൂള് പത്താംതരം വിദ്യാര്‍ഥിനി നന്ദന ബിജുകുമാര്‍ ശ്രദ്ധിക്കപ്പെടുന്നു.ചെറു പ്രായത്തിലേ കലയുടെ സാമൂഹ്യ ധര്‍മം അടയാളപ്പെടുത്തുന്ന ഈ കലാകാരി പരിസ്ഥിതി സ്നേഹത്തിന്റേയും ദുരന്തനിവാരണത്തിന്റേയും വൈവിധ്യമാര്‍ന്ന രേഖാചിത്രങ്ങളിലൂടെയാണ് കലാനിര്‍വഹണത്തിന്റെ സ്വന്തമായ ഭൂമിക അടയാളപ്പെടുത്തുന്നത്. ടൊയോട്ട മോട്ടോര്‍ കോര്പറേഷന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പതിനാലാമത് ടൊയാട്ട ഡ്രീം കാര്‍ കോംപറ്റീഷനില്‍ മിഡില്‍ ഈസ്റ്റ് ആന്റ് സെന്‍ട്രല്‍ ഏഷ്യ തലത്തില്‍ വിജയിച്ചതോടെയാണ് നന്ദനയുടെ ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
ലോകം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് അടിയന്തിര സാഹചര്യങ്ങളിലെ എല്ലാ മാനുഷിക വശങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള വിഭവങ്ങളും ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യാന്‍ തന്റെ സ്വപ്ന കാറിന് കഴിയുമെന്നാണ് നന്ദന മല്‍സരത്തില്‍ തെളിയിച്ചത്. സമകാലിക ലോകത്തിന്റെ വൈവിധ്യമാര്‍ന്ന പ്രശ്നങ്ങളെ കാല്പനികതയുടെ അതിരുകളില്ലാത്ത സ്വപ്നചരടുകളില് കോര്‍ത്ത് വരകളുടേയും നിറങ്ങളുടേയും സഹായത്തോടെ പ്രതീകവല്‍ക്കരിച്ച് അവതരിപ്പിച്ചപ്പോള്‍ ഈ കൊച്ചുകലാകാരിയുടെ ഭാവനയും കരവിരുതും സംഘാടകരുടെ പ്രശംസ പിടിച്ചുപറ്റി.
പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും മാനുഷിക അതിക്രമങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊക്കെ ലോകമനസാക്ഷിയെ നിരന്തരമമായി നൊമ്പരപ്പെടുത്തുമ്പോള് അവക്കൊക്കെ ശാസ്ത്രീയമായും ധാര്‍മികമായും പരിഹാരം കാണുവാന്‍ തന്റെ സ്വപ്നവാഹനത്തിനാകുമെന്നാണ് നന്ദന വിശ്വസിക്കുന്നത്.
ലോകസമാധാനത്തിന്റേയും ശാന്തിയുടേയും ഉജ്വലമായ സന്ദേശങ്ങളടയാളപ്പെടുത്തുന്ന ഈ കൊച്ചു മിടുക്കിയുടെ ഓരോ പെയിന്റിംഗുകളും സന്ദേശപ്രധാനമാണ്. പ്രകൃതിയുടെ മനോഹാരിതയും സന്തുലിതാവസ്ഥയും നിലനിര്‍ത്തുവാനും ആവാസ വ്യവസ്ഥകള്‍ നശിപ്പിക്കാതെ വികസനം സാധ്യമാക്കുവാനും ആഹ്വാനം ചെയ്യുന്ന നന്ദനയുടെ പെയിന്റിംഗുകള്‍ പലതും സ്വയം സംസാരിക്കുന്നവയാണ് . പുകവലി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയവും ആന്റി സ്മോക്കിംഗ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ഇന്റര്‍സ്ക്കൂള്‍ മല്‍സരങ്ങളില്‍ ഒന്നിലധികം തവണ സമ്മാനം നേടിയ നന്ദന സമൂഹത്തിലെ ഓരോ തിന്മകള്‍ക്കെതിരിലും തന്റെ തൂലിക ചലിപ്പിക്കണമെന്ന ആശയക്കാരിയാണ്. ജലച്ഛായങ്ങളോടാണ് ഈ കലാകാരിക്ക് കൂടുതല്‍ കമ്പം.
കൊറോണ മുക്ത ലോകത്തെക്കുറിച്ച സുന്ദരമായ സ്വപ്നങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളവസാനിപ്പിക്കാനുള്ള ആഹ്വനം, പ്രകൃതിയുടെ വരദാനങ്ങളെ വരും തലമുറക്കായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ നന്ദനയുടെ പെയിന്റിംഗുകള്‍ക്ക് വിഷയമാണ്. പുഴകളും പ്രകൃതിയും ദൃശ്യ വിസ്മയം തീര്‍ക്കുന്ന ഗ്രാമ ഭംഗിയുടെ അനശ്വര ഓര്‍മകള്‍ അവിസ്മരണീയമാക്കുന്ന നന്ദനയുടെ പെയിന്റിംഗകുള് ആശയതലത്തിലും നിര്‍വഹണത്തിലും മികവ് പുലര്‍ത്തുന്നവയാണ് . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധം നിലനില്‍ക്കുമ്പോഴാണ് ജന്തുക്കളും പക്ഷിക്കളും പ്രകൃതിരമണീയതയുമൊക്കെ നമ്മുടെ ഗ്രാമങ്ങളുടെ തിലകക്കുറികളായി നിത്യവിസ്മയം തീര്‍ക്കുക.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ ബിജുകുമാറിന്റേയും ഡോ. സ്മിതയുടേയും സീമന്ത പുത്രിയായ നന്ദന ജനിച്ചത് നാട്ടിലാണെങ്കിലും വളര്‍ന്നത് മുഴുവന്‍ ഖത്തറിലാണ് . കെ.ജി. മുതല്‍ ബിര്‍ള പബ്ളിക് സ്ക്കൂള് വിദ്യാര്‍ഥിനിയായ നന്ദന പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 6 വയസുമുതലേ വരകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നതിനാല്‍ പ്രത്യേകമായ പരിശീലനത്തിനയച്ചാണ് രക്ഷിതാക്കള്‍ ഈ കലാകാരിയെ പ്രോല്‍സാഹിപ്പിച്ചത്. സംഗീതവും നൃത്തവുമൊക്കെ അഭ്യസിച്ച് ഒരു സകല കല വല്ലഭയായി തിളങ്ങിയ നന്ദന സ്ക്കൂള് തലത്തിലും ഇന്റര്‍ സ്ക്കൂള് തലത്തിലുമൊക്കെ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. വയലിനിലും ഗിത്താറുമൊക്കെ വായിക്കുന്ന നന്ദന ഭരതനാട്യം , മോഹിനിയാട്ടം , കുച്ചുപ്പുടി എന്നിവയിലും സമര്‍ഥയാണ് .
ബയോ മെഡിക്കല്‍ എഞ്ചിനീയറായ അച്ഛന് ബിജുകുമാറും ഡെന്റിസ്റ്റായ അമ്മ സ്മിതയും നല്ല കലാസ്വാദകരും സഹൃദയരുമായതുകൊണ്ട് സാമൂഹ്യ സാംസ്കാരിക കൂട്ടായ്മകളുടേയും സംഘടനകളുടേയുമൊക്കെ വിവിധ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുവാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുവാനും മുന്നില്‍ നിന്നത് ഈ കൊച്ചുകലാകാരിയ പ്രായത്തെ വെല്ലുന്ന മിടുക്കിയാക്കി മാറ്റി . ഇന്ന് ഏത് വിഷയങ്ങളിലും അറ നിറഞ്ഞ കലാകാരിയുടെ മികവില്‍ മികച്ച കലാസൃഷ്ടി നടത്താന്‍ കഴിവുള്ള കലാകാരിയായി നന്ദന വളര്‍ന്നിരിക്കുന്നു.
മാതാപിതാക്കളും അധ്യാപകരുമൊക്കെയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും എല്ലാവരുടേയും നന്ദിയും കടപ്പാടുമുണ്ടെന്നും നന്ദന പറഞ്ഞു. ബിര്‍ള സ്ക്കൂളിലെ ആര്‍ട് വിഭാഗം മേധാവി സിജു, മുന്‍ മേധാവി രജിന്ത് , ആര്‍ട് അധ്യാപകന് ശ്രീജിത്ത് എന്നിവരോടൊക്കെ പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ട്.
ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ നന്ദനക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മെഡിക്കല്‍ ഫീല്‍ഡാണ് കരിയറായി തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നതെങ്കിലും വരകളുടെ ലോകത്തുനിന്നും മാറാതെ കലയെ തന്റെ ഹോബിയായി കൂടെകൂട്ടാനാണ് ആഗ്രഹം. ആനിമേഷനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും നന്ദനക്ക് മോഹമുണ്ട്.
ആറാം ക്ളാസില്‍ പഠിക്കുന്ന വിസ്മയ നന്ദനയുടെ കൊച്ചനുജത്തിയാണ് . പാട്ടിലാണ് വിസ്്മയക്ക് താല്പര്യം. വെസ്റ്റേണ്‍ മ്യൂസിക്കും കര്‍ണാടികും മാപ്പിളപ്പാട്ടും ലളിതഗാനവുമെല്ലാം വിസ്മയക്ക് നന്നായി വഴങ്ങും.