
ഈദ് അവധിക്ക് അബൂ സംറ ബോര്‍ഡര്‍ വഴി പതിനേഴായിരത്തോളം പേര്‍ ദോഹയിലെത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഈദ് അവധിക്ക് ഖത്തര്‍- സൗദി ബോര്‍ഡറായ അബൂ സംറ ബോര്‍ഡര്‍ വഴി പതിനേഴായിരത്തോളം പേര്‍ ദോഹയിലെത്തിയതായി റിപ്പോര്‍ട്ട്. 6300 വാഹനങ്ങളും ഈ കാലയളവില്‍ ബോര്‍ഡര്‍ കടന്നു. അബൂസംറ ബോര്‍ഡറിലെ പാസഞ്ചേര്‍സ് കസ്റ്റംസ് സെക് ഷന്‍ ആക്ടിംഗ് മേധാവി അബ്ദുല്ല അല്‍ ജാബര്‍ ഖത്തര്‍ റേഡിയോയുമായി നടന്ന പ്രത്യേക പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപരോധത്തെ തുടര്‍ന്ന് മൂന്നര വര്‍ഷം അടഞ്ഞുകിടന്ന ഖത്തര്‍ സൗദി ബോര്‍ഡര്‍ അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 14 നാണ് യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനുമായി തുറന്നത്. പൊതുജനാരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പ്രവേശനം അനുവദിക്കുന്നത്.
ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് അനുവദിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ വഴി 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ് . എല്ലാവര്‍ക്കും സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രത്തില്‍ നിന്നും യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം .
ഖത്തറിലേക്ക് ചരക്കുമായി വരുന്ന വിദേശ ട്രക്കുകളേയും ഡ്രൈവര്‍മാരേയും നിലവില്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. അവര്‍ സാധനങ്ങള്‍ ബോര്‍ഡറില്‍ ഇറക്കി തിരിച്ചു പോകണം. കര മാര്‍ഗം സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ ട്രക്കുകള്‍ ബോര്‍ഡറിലെത്തുന്ന വിവരം ബോര്‍ഡര്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കുകയും ബോര്‍ഡറില്‍ നിന്നും സാധനങ്ങള്‍ ദോഹയിലെത്തിക്കുവാന്‍ ട്രക്കുകള്‍ ക്രമീകരിക്കുകയും വേണം.