അല്‍ വകറ , റാസ് ലഫാന്‍ ആശുപത്രികളില്‍ നിന്നുള്ള അവസാന കോവിഡ് രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു, സാധാരണ സേവനങ്ങള്‍ താമസിയാതെ ആരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്ത് കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാവുകയും ആശുപത്രി അഡ്മിഷനുകള്‍ ആവശ്യമുള്ള രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അല്‍ വകറ, റാസ് ലഫാന്‍ ആശുപത്രികള്‍ താമസിയാതെ സാധാരണ സേവനങ്ങള്‍ ആരംഭിക്കും. ഇവിടങ്ങളിലെ അവസാന കോവിഡ് രോഗികളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
വൈറസിന്റെ രണ്ടാം തരംഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ആശുപത്രി പ്രവേശനം ആവശ്യമുള്ളവരുടെയെണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് കഴിഞ്ഞ മാസം ആദ്യത്തില്‍ അല്‍ വകറ, റാസ് ലഫാന്‍ ഹോസ്പിറ്റലുകള്‍ കോവിഡ് ഹോസ്പിറ്റലുകളാക്കി മാറ്റിയത്.
വൈറസിന്റെ രണ്ടാം തരംഗത്തിലുടനീളം ഈ രണ്ട് ആശുപത്രികളും വഹിച്ച പങ്ക് പ്രധാനമാണെന്ന് ഇന്ന് അല്‍ വകറ ആശുപത്രി സന്ദര്‍ശനത്തിനിടെ, പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ആയിരക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്നതിന് അശ്രാന്തമായി പരിശ്രമിച്ച റാസ് ലഫാന്‍, അല്‍ വക്‌റ ഹോസ്പിറ്റലുകളിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
രണ്ട് ആശുപത്രിയിലെ മുതിര്‍ന്ന ജീവനക്കാരേയും ടീം ലീഡര്‍മാരേയും കണ്ട് ജീവനക്കാരുടെ മികച്ച സേവനത്തിനുള്ള ഫലകങ്ങള്‍ സമ്മാനിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുകയും രോഗം പൂര്‍ണണമായും ഭേദപ്പെട്ട് ഇന്ന് ആശുപത്രി വിടുകയും ചെയ്യുന്ന രണ്ട് രോഗികളേയും ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ റാസ് ലഫാന്‍, അല്‍ വകറ ഹോസ്പിറ്റലുകള്‍ കോവിഡ് ഹോസ്പിറ്റലുകളാക്കി മാറ്റുകയെന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വിപുലമായ സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആരോഗ്യ പരിപാലന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയുമാണ് നിര്‍ദ്ദിഷ്ട സമയത്ത് ഈ രണ്ട് ആശുപത്രികളെയും കോവിഡ് ആശുപത്രികളാക്കി മാറ്റിയതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി പറഞ്ഞു.
ഖത്തറില്‍ കോവിഡ് വൈറസിന്റെ ഒന്നും രണ്ടും തരംഗങ്ങളില്‍ കോവിഡ് ആശുപത്രികളിലൊന്നായിരുന്നു റാസ് ലഫാന്‍ ഹോസ്പിറ്റല്‍ എന്ന് ക്ളിനിക്കല്‍ ലീഡ് ഡോ. ഖാലിദ് അല്‍ ജല്‍ഹാം പറഞ്ഞു. പാന്‍ഡെമിക് ആരംഭിച്ചതുമുതല്‍ റാസ് ലഫാനിലെ ആരോഗ്യസംരക്ഷണ ടീമുകള്‍ 8,000ത്തിലധികം രോഗികളെ പരിചരിച്ചതായി അദ്ദേഹം പറഞ്ഞു.
അവസാന രോഗികളെയും ഡിസ്ചാര്‍ജ് ചെയേ്തതോടെ അല്‍ വകറ ആശുപത്രിയില്‍ ഔട്ട്‌പേഷ്യന്റ്, എമര്‍ജന്‍സി, ലേബര്‍ ആന്‍ഡ് ഡെലിവറി, പീഡിയാട്രിക്സ്, ഡെന്റിസ്ട്രി, പൊള്ളല്‍, ഡെര്‍മറ്റോളജി, പ്രത്യേകവും പൊതുവായതുമായ ശസ്ത്രക്രിയ തുടങ്ങി എല്ലാസേവനങ്ങളും നാളെ, (മെയ് 26 ബുധനാഴ്ച,)പുനരാരംഭിക്കും.