ഖത്തറില്‍ കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ പരിഷ്‌ക്കരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം, രണ്ട് പുതിയ പരിശോധനകള്‍ കൂടി സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്താം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ പരിഷ്‌ക്കരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം, രണ്ട് പുതിയ പരിശോധനകള്‍ കൂടി സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്താം.
വേഗതയേറിയതും യുക്തിസഹവുമായ പരിശോധനയിലൂടെ വ്യക്തിയില്‍ കോവിഡ് വൈറസ് ആന്റിജനുകള്‍ കണ്ടെത്തുന്നതിനുള്ള ദ്രുത ആന്റിജന്‍ പരിശോധന ( റാപിഡ് ആന്റിജന്‍ ടെസ്റ്റ് ) , മുമ്പത്തെ അണുബാധയുടെ അല്ലെങ്കില്‍ വാക്‌സിനേഷന്റെ ഫലമായി കോവിഡി നെതിരെ ശരീരത്തിലെ പ്രതിരോധശേഷി അറിയുന്നതിനുള്ള ആന്റിബോഡി പരിശോധന എന്നിവയാണ് പുതുതായി സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ക്ലിനിക്കുകളില്‍ ഹാജരാകുന്ന ശ്വാസകോശ ലക്ഷണങ്ങളുള്ള രോഗികളെ ചെറിയ നടപടിക്രമങ്ങള്‍ക്കായി ആശുപത്രി പ്രവേശനത്തിന് മുമ്പായി റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് ഏറെ സഹായകരമാണ് . രോഗിയുടെ മൂക്കില്‍ നിന്നും സ്രവമെടുത്ത് 15 മിനിറ്റിനുള്ളില്‍ ഫലം ലഭ്യമാകുമെന്നതാണ് ഇതിന്റെ സവിശേഷത.
വ്യക്തിയില്‍ നിന്ന് ഒരു രക്തത്തുള്ളി എടുത്താണ് ആന്റി ബോഡി പരിശോധന നടത്തുക. ആന്റിബോഡി പരിശോധനഫലവും സാധാരണയായി 15 മിനിറ്റിനുള്ളില്‍ ലഭിക്കും.
ഈ രണ്ട് ടെസ്റ്റുകളാണ് അംഗീകൃത സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അനുവദിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയത്. നിവലില്‍ രാജ്യത്തെ 69 സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ ആര്‍. ടി. പി. സി. ആര്‍ പരിശോധന ലഭ്യമാണ്. പുതിയ ഉത്തരവ് വന്നതോടെ കോവിഡുമായി ബന്ധപ്പെട്ട മൂന്ന് പരിശോധനകള്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്താം.