Breaking News

പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായേലിനുള്ള നിരുപാധിക പിന്തുണ അവസാനിപ്പിക്കണം, ലുല്വാ അല്‍ ഖാഥര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അന്താരാഷ്ട്ര നിയമങ്ങളും ധാരണകളും കാറ്റില്‍ പറത്തി നിരന്തരം അതിക്രമങ്ങളും അധിനിവേശവും നടത്തുന്ന ഇസ്രായേലിനുള്ള നിരുപാധിക പിന്തുണ പാശ്ചാത്യ രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഖത്തര്‍ വിദേശ കാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയ വക്താവുമായ ലുല്വാ റാഷിദ് അല്‍ ഖാഥര്‍ അഭിപ്രായപ്പെട്ടു. സ്‌കൈ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ അവര്‍ തുറന്നടിച്ചത്.

 

ഫലസ്തീനെതിരെയുള്ള അതിക്രമങ്ങള്‍ 1948 മുതലെങ്കിലും തുടരുന്നുണ്ടെന്നും നിരന്തരമായ മര്‍ദ്ധനങ്ങള്‍ക്കാണ് ഫലസ്തീന്‍ ജനത വിധേയമാകുന്നതെന്നും അവര്‍ പറഞ്ഞു. ഈ മാസം ഗാസയില്‍ നടന്നത് ന്യായീകരിക്കാനാവാത്ത ക്രൂരതയാണ്. സൈനിക ബലത്തിലും ആണവ ശക്തിയിലും മുന്നില്‍ നില്‍ക്കുന്ന ഒരു രാജ്യം ഫലസ്തീന്‍ ജനതക്ക് നേരെ തികച്ചും അന്യയമായി അതിക്രമങ്ങള്‍ നടത്തുകയായിരുന്നു. അന്താരാഷ്ട്ര ധാരണകളും നിയമങ്ങളും മാനിക്കാതെയുളള ഇസ്രായേലീ ആക്രമണങ്ങളെ സാംസ്‌കാരിക പ്രബുദ്ധമായ ഒരു സമൂഹത്തിന് അംഗീകരിക്കാനാവില്ല. ഇസ്രായേലിനുളള പിന്തുണ പാശ്ചാത്യ ലോകം ധാര്‍മികമായി പുനപരിശോധിക്കണം.

ഗാസയില്‍ നടന്നത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സമാനസ്വഭാവത്തിലുള്ള ആക്രമണങ്ങളല്ല. ആയുധവും സൗകര്യവുമുള്ള ഒരു രാജ്യം അത്തരം സൗകര്യങ്ങളൊന്നുമില്്‌ലാത്ത മറ്റൊരു രാജ്യത്തിനു നേരെ നടത്തിയ അത്രിക്രമങ്ങളാണ്. വര്‍ഷങ്ങളായി തുടരുന്ന നീതിനിഷേധവും ആക്രമണങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്.

നാം ജീവിക്കുന്ന കാലത്തെ ഏറ്റവും വലിയ കൊളോണിയല്‍ ശക്തിയായി ഇസ്രായേല്‍ മാറിയിരിക്കുന്നു. ഫലസ്തീന്‍ ജനതയെ നിരന്തരമായി അവര്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് . ഇതിന് ഹമാസിനെ കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല. 1980 കളില്‍ മാത്രമാണ് ഹമാസ് രൂപീകരിക്കപ്പെട്ടത്. 1948 മുതല്‍ക്കെങ്കിലും ഇസ്രായേല്‍ അധിനിവേശം നടക്കുന്നുണ്ടെന്നാണ് ചരിത്രം.

ഇസ്രായേലീ അതിക്രമങ്ങളെ ന്യായീകരിക്കുന്നവര്‍ പ്രാദേശികവും രാഷ്ട്രീയവുമായ കാരണങ്ങളാണ് അത്തരരൊരു വൃഥാവ്യായാമത്തിന് മുതിരുന്നത്. വിഷയത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിച്ച്് വിശകലനം ചെയ്യയുന്ന ആര്‍ക്കും എളുപ്പം ബോധ്യപ്പെടുന്ന സംഗതിയാണിത്. ശൈഖ് ജാറ പരിസരങ്ങളില്‍ അരങ്ങേറിയത് ഇസ്രായേലിന്റെ വംശീയ ഉന്മുലനത്തിനുള്ള കുല്‍സിത ശ്രമങ്ങളായിരുന്നു.

ഫലസ്തീന് ജനതക്കുള്ള ഖത്തറിന്റെ സഹായത്തെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ഥ്യ ബോധത്തോടെയല്ല കാര്യങ്ങളെ നിരീക്ഷിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ അറിവോടെയാണ് ഖത്തര്‍ സഹായം നല്‍കുന്നത്. ഗാസയുടെ പുനര്‍നിര്‍മാണമാണ് പ്രധാന ദൗത്യം. ഇസ്രായേലീ അധിനിവേശത്തിലും ആക്രമണങ്ങളിലും തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുക, ഹമദ് റീഹാബിലിറ്റേഷന്‍ ആശുപത്രി, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവ ശരിയാക്കുക തുടങ്ങി നിരവധി പരിപാടികളാണ് ഗാസയില്‍ ചെയ്യാനുള്ളത്. വരുന്ന 5- 6 മാസത്തിനുള്ളില്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്.
നീതിയുടേയും ധാര്‍മികതയുടേയും അടിസ്ഥാനത്തില്‍ ഇസ്രായേലിനുള്ള നിരുപാധിക പിന്തുണ പാശ്ചാത്യ രാജ്യങ്ങള്‍ പുനപരിശോധിക്കണമെന്ന് അവര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!