ഖത്തര്‍ ഇന്ത്യ മല്‍സരം നാളെ, ടിക്കറ്റ് വില്‍പന തുടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : 2022 ഫിഫ ലോകകപ്പിനും 2023 എ.എഫ്.സി ഏഷ്യന്‍ കപ്പിനുമുള്ള സംയുക്ത യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള ആവേശകരമായ മല്‍സരം നാളെ നടക്കും. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നാളെ രാത്രി 8 മണിക്കാണ് കളി. കളി കാണുന്നതിനുള്ള ടിക്കറ്റ് പുറത്തിറക്കിയതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ക്യു.എഫ്.എ) അറിയിച്ചു.
രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്കും കഴിഞ്ഞ 9 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് സുഖപ്പെട്ടവര്‍ക്കുമാണ് മല്‍സരം കാണാന്‍ അവസര മുണ്ടാവുക. മേല്‍ രണ്ട്് വിഭാഗങ്ങളിലും പെട്ട 12 വയസ്സിന് മീതെയുള്ളവരെ മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ക്യുഎഫ്എ വെബ്‌സൈറ്റില്‍ നല്‍കിയ അറിയിപ്പില്‍ പറയുന്നു.
വാക്സിനെടുത്തവര്‍ രണ്ടാം ഡോസ് മെയ് 20നെങ്കിലും പൂര്‍ത്തിയാക്കിയവരാകണം. 2020 സപ്തമ്പര്‍ 3 നും 2021 മെയ് 20 നുമിടയില്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയാണ് പരിഗണിക്കുക.
ഖത്തര്‍, ഇന്ത്യ, ഒമാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് യോഗ്യതാ മല്‍സരങ്ങളിലെ ടീമുകള്‍. ബംഗ്ളാദേശും അഫ്ഗാനിസ്ഥാനും തമ്മിലുള്ളതാണ് നാളത്തെ ആദ്യ മല്‍സരം. വൈകുന്നേരം 5 മണിക്കാണ് ഈ മല്‍സരം നടക്കുക.
സാധാരണ ടിക്കറ്റിന് 20 റിയാലാണ് ചാര്‍ജ്. tickets.qfa.qa എന്ന സൈറ്റില്‍ നിന്നും ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്.
കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മല്‍സരങ്ങള്‍ നടക്കുകയെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഏതൊരു ടിക്കറ്റ് ഉടമയെയും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ക്യുഎഫ്എ വ്യക്തമാക്കി.