ഇഷാന്‍ അഹമ്മദിന്റെ ചിത്രങ്ങള്‍
അഫ്സല്‍ കിളയില്‍
ഖത്തര്‍ പ്രവാസികളായ കോഴിക്കോട് വേങ്ങേരി സ്വദേശികളായ ഷറിന്‍ അഹമ്മദ് എന്‍.കെയുടെയും ഷഹ്‌ന ഷറിന്‍ അഹമ്മദിന്റെയും മൂത്ത മകനായ ഇഷാന്‍ അഹമ്മദിന്റെ ചിത്രങ്ങള്‍ ലളിത മനോഹരവും ആശയസമ്പുഷ്ടവുമാണ്. ലളിതമായ വരയും കളറും കൊണ്ട് ബ്രഹത്തായ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നതാണ് ഇഷാന്‍ ചിത്രങ്ങളുടെ ഏറ്റവും വലിയ സവിശേഷത. പെന്‍സില്‍, ഓയില്‍, വാട്ടകളര്‍ എന്നിവയും ഈ പതിമൂന്നുകാരന് വഴങ്ങുമെങ്കിലും കൂടുതലായും പെന്‍സില്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് ഇശാന്‍ വരക്കുന്നത്.
മൂന്നാം ക്ലാസ് മുതല്‍ ചിത്രം വരയില്‍ സജീവമായ ഇഷാന് ജന്മവാസനയായി ലഭിച്ച സിദ്ധിയാണിത്. പ്രകൃതി ദൃശ്യങ്ങളും ജീവജാലങ്ങളും വ്യക്തികളുമൊക്കെ ഈ കൊച്ചുകലാകാരന്റെ ശ്രദ്ധയാകര്‍ഷിക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന സേവ് എര്‍ത്ത്, ഫലസ്തീനിലെ അവസ്ഥകള്‍ വരച്ച് കാട്ടുന്ന ഈദ് ഗ്രീറ്റിംഗ് കാര്‍ഡ്, സാക്ഷരതയുടെ പ്രധാന്യം കാണിക്കുന്ന കൊളാഷ്, മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ പാത്തുമ്മയോടും ആടുകളോടും കൂടെ ഇരിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
അഞ്ചാം ക്ളാസ് വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഇഷാന്‍ ഇപ്പോള്‍ നാട്ടില്‍ നിന്നുള്ള ഓണ്‍ലൈന്‍ ക്ളാസുകളിലാണ് പങ്കെടുക്കുന്നത്.
അമീന്‍ അഹമ്മദ്, അഹമ്മദ് യാസീന്‍, മര്‍വ ഫാത്വിമ എന്നിവര്‍ സഹോദരങ്ങളാണ്.