ആരോഗ്യകരമായ നാളെക്കായി ഇന്നത്തെ ആഹാരം സുരക്ഷിതമാക്കുക
ഡോ. അമാനുല്ല വടക്കാങ്ങര
മനുഷ്യന്റെ ആരോഗ്യകരമായ നിലനില്‍പിന് ഭക്ഷണം അത്യാവശ്യമാണ്. ഭക്ഷണം വിശപ്പടക്കാന്‍ വേണ്ടി മാത്രമുള്ളതല്ല. ശരീരത്തിന് പോഷണവും പ്രതിരോധവും നല്‍കുകയെന്നതും ഭക്ഷണത്തിന്റെ ദൗത്യമാണ്. അതുകൊണ്ട് നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചക്കും പ്രതിരോധത്തിനും കൂടി പ്രയോജനകരമാണെന്നുറപ്പുവരുത്തുവാന്‍ നാം ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണത്തെ നിങ്ങള്‍ മരുന്നാക്കുക, അല്ലെങ്കില്‍ മരുന്ന് നിങ്ങള്‍ക്ക് ഭക്ഷണമായി കഴിക്കേണ്ടി വരുമെന്ന സ്റ്റീവ് ജോബ്സിന്റെ പ്രശസ്തമായ വാചകം ഏറെ ശ്രദ്ധേയമാണ്.
മികച്ച ആഹാര ശീലങ്ങളും ആരോഗ്യ പ്രവര്‍ത്തനങ്ങളുമൊക്കെ മലയാളികളുടെ സവിശേഷതയായിരുന്നു. വീട്ടില്‍ വിളയിക്കുന്ന വിഷ രഹിത പച്ചക്കറികളും കായ്കനികളുമൊക്കെ കേരളീയ ഭക്ഷ്യസംസ്‌കാരത്തിന്റെ മുഖമുദ്രയായിരുന്നു. എന്നാല്‍ ക്രമേണ അയല്‍ സംസ്ഥാനങ്ങളുടെ ഭക്ഷ്യ പദാര്‍ഥങ്ങളുടെ പ്രധാന വിപണന കേന്ദ്രമായി കേരളം മാറിയതോടെ ഗുരുതരമായ നിരവധി പ്രശ്നങ്ങളാണ് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇന്ന് അനുഭവിക്കുന്നത്.
ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും നമ്മുടെ ഭക്ഷണ സംസ്‌കാരത്തെ മാറ്റിയതും സൃഷ്ടിക്കുന്ന പ്രതിസന്ധി നിസ്സാരമല്ല. ഓരോ കാലാവസ്ഥക്കും ചുറ്റുപാടിനുമനുസരിച്ച ഭക്ഷണക്രമമാണ് ആശാസ്യമെന്നിരിക്കെ മറ്റു പലരുടേയും ഭക്ഷണ സംസ്‌കാരവും രീതിയും അശാസ്ത്രീയമായും അന്ധമായും അനുകരിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത് എന്നതാണ് യാഥാര്‍ഥ്യം.
നാം കഴിക്കുന്ന ഭക്ഷണം ആരോഗ്യകരവും സുരക്ഷിതവുമാണെന്നുറപ്പുവരുത്തണം അല്ലെങ്കില്‍ ഭക്ഷണ സാധനങ്ങളിലൂടെ തന്നെ ധാരാളം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രാധാന്യം നാം വിശകലന വിധേയമാക്കുന്നത്.
വര്‍ഷം തോറും ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു. ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും മാനേജ്മെന്റ് ടെക്നിക്കുകളെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനാചരണമാണിത്. ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുകയാണ് ഈ ദിനാചരണം ലക്ഷ്യം വെക്കുന്നത്.
2018 ല്‍ ആണ് യു.എന്‍ എല്ലാ വര്‍ഷം ജൂണ്‍ 7 നും ലോക ഭക്ഷ്യസുരക്ഷാദിനം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. ഐക്യ രാഷ്ട്ര സംഘടനയും ഫുഡ് ആന്റ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്. 2019 ല്‍ ആദ്യത്തേതും 2020 ല്‍ രണ്ടാമത്തേതും ആയ ദിനാചരണം നടന്നു. ആരോഗ്യകരമായ ഭക്ഷണം ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉറപ്പു വരുത്താനും അതിനായുള്ള ബോധവല്‍ക്കരണത്തിനുമായാണ് ഈ ദിനം ആചരിക്കുന്നത്.
മനുഷ്യര്‍ക്കും നമ്മുടെ പരിസ്ഥിതിക്കും ഗുണം ചെയ്യുന്ന ശരിയായ തരത്തിലുള്ള ഭക്ഷണത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിന പ്രമേയമായി തിരഞ്ഞെടുത്തത് ആരോഗ്യകരമായ നാളെക്കായി ഇന്നത്തെ ആഹാരം സുരക്ഷിതമാക്കുക എന്നതാണ് .
സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും അവരവര്‍ക്കാവശ്യമായ അളവില്‍ സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരം ലഭ്യമാകുകയും അത് നേടാനാവശ്യമായ സാഹചര്യം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ഭക്ഷ്യ സുരക്ഷ. നാം കഴിക്കുന്ന ആഹാരം സുരക്ഷിതമാണെന്നുറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്. മായം ചേര്‍ക്കല്‍, കീടനനാശിനികളുടെ അമിതമായ ഉപയോഗം, ഭക്ഷണസാധനങ്ങള്‍ കേടുവരാതിരിക്കാനുള്ള ആനാരോഗ്യകരമായ വസ്തുക്കളുടെ ഉപയോഗം എന്നിവയൊക്കെ ഭക്ഷ്യ സുരക്ഷ രംഗത്ത്് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നമ്മുടെ രാജ്യത്ത് വയറ്റില്‍ നിന്നും പുറത്തുവരുന്ന പദാര്‍ഥങ്ങള്‍ പരിശോധിക്കുന്ന നിരവധി ലാബുകളുണ്ടെങ്കിലും വയറ്റിലേക്ക് പോകുന്ന വസ്തുക്കള്‍ പരിശോധിക്കാന്‍ അധികം ലാബുകളില്ലയെന്നത് ഏറെ ഗൗരവമുളള സാഹചര്യമാണ്.
ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പട്ടിണിയും വിശപ്പും ഭീഷണി സൃഷ്ടിക്കാത്ത സ്ഥിതിയാണ് ഭക്ഷ്യ സുരക്ഷ ലക്ഷ്യം വെക്കുന്നത്.. നമ്മുടെ സമൂഹത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ അമിതാഹാരം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഗണ്യമായ മറ്റൊരു വിഭാഗം അവശ്യം വേണ്ട ആഹാരം ലഭിക്കാത്തതിന്റെ ഫലമായി പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങള്‍ക്ക് കീഴ്പ്പെടുന്നവരാണെന്ന കാര്യം നാം ഓര്‍ക്കണം .
ലോക ഭക്ഷ്യദിനത്തിന്റെ ഭാഗമായി ഐക്യരാഷ്്ട്ര സംഘടന മുന്നോട്ടുവെക്കുന്ന കര്‍മ പദ്ധതിയെ അഞ്ച് ശീര്‍ഷകങ്ങളിലായി തിരിക്കാം..
1 – Ensure it’s safe – Government must ensure safe and nutritious food for all. ഭക്ഷണം സുരക്ഷിതമാണെന്നുറപ്പുവരുത്തുക. ഇത് ഗവണ്‍മെന്റുകളുടെ ഉത്തവാദിത്തമാണ് .
2 – Grow it safe – Agriculture and food producers need to adopt good practices. ഉല്‍പാദകര്‍ ആരോഗ്യകരമായ പ്രാക്ടീസുകള്‍ പാലിച്ച് സുരക്ഷിതമായി രീതിയില്‍ കൃഷി വളര്‍ത്തണം
3 – Keep it safe – Business operators must make sure food is safe. ഭക്ഷണ സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയെന്നത് ബിസിനസ് സ്ഥാപനങ്ങളുടെ ബാധ്യതയാണ് .
4 – Eat it safe: All consumers have a right to safe, healthy and nutritious food. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ആഹാരം ഓരോരുത്തരുടേയും അവകാശമാണ് .
5 – Team up for safety – Food Safety is a shared responsibility. ഭക്ഷ്യ സുരക്ഷ കൂട്ടുത്തരവാദിത്തമാണ് .കര്‍ഷകരും കച്ചവടക്കാരും ഗവണണ്‍മെന്റുമൊക്കെ സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഭക്ഷ്യ സുരക്ഷ യാഥാര്‍ഥ്യമാവുകയുള്ളൂ