
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോംപ്ലിമെന്ററി കള്‍ച്ചര്‍ പാസും അംഗത്വവും നല്‍കാനൊരുങ്ങി ഖത്തര്‍ മ്യൂസിയംസ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് മഹാമാരി സമയത്തെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും അഭിനന്ദനവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി ഖത്തറിലെ മ്യൂസിയംസ് (ക്യുഎം) കോംപ്ലിമെന്ററി കള്‍ച്ചര്‍ പാസ് പ്ലസ് അംഗത്വം വാഗ്ദാനം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.
ഹമദ് മെഡിക്കല്‍ സെന്റര്‍ (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്സിസി), പൊതുജനാരോഗ്യ മന്ത്രാലയം (എംപിഎച്ച്) എന്നിവയിലെ എല്ലാ സ്റ്റാഫുകള്‍ക്കും നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ (എന്‍എംക്യു) ഗിഫ്റ്റ് ഷോപ്പുകളില്‍ നിന്ന് കോംപ്ലിമെന്ററി അംഗത്വ കാര്‍ഡ് നേടാന്‍ അര്‍ഹതയുണ്ട്. സ്റ്റാഫ് ഐഡി കാണിച്ചാല്‍ തികച്ചും സൗജന്യമായ അംഗത്വ കാര്‍ഡ് നല്‍കും.
കോവിഡ് -19 പകര്‍ച്ചവ്യാധിയെ നേരിടുന്നതിന് രാജ്യത്തെ സഹായിക്കുന്നതില്‍ ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും അവരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ രക്ഷിച്ചതെന്നും ഖത്തര്‍ മ്യൂസിയം സി.ഇ.ഒ അഹ്‌മദ് മൂസ അല്‍ നംല അഭിപ്രായപ്പെട്ടു.
കള്‍ച്ചര്‍ പാസ് പ്ലസ് അംഗത്വത്തോടെ, യോഗ്യരായ ആരോഗ്യ വിദഗ്ധര്‍ക്ക് നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ (എന്‍എംഒക്യു), മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, അലിവാക്ക് ഗാലറി, ഫയര്‍ സ്റ്റേഷന്‍: ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് ഉള്‍പ്പടെയുള്ള മ്യൂസിയങ്ങള്‍, ഗാലറികള്‍, താല്‍ക്കാലിക എക്സിബിഷനുകള്‍ എന്നിവയിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും.
കൂടാതെ കള്‍ച്ചര്‍ പാസ് പ്ലസ് അംഗങ്ങള്‍ക്ക് എന്‍.എംക്യു, മത്താഫ് ഗിഫ്റ്റ് ഷോപ്പുകള്‍, കാസ് ആര്‍ട്ട് ഖത്തര്‍, ഐഎന്‍-ക്യു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ 25 ശതമാനം കിഴിവ് ലഭിക്കും. ജിവാനില്‍ ഭക്ഷണം കഴിക്കുമ്പോഴും 25 ശതമാനം കിഴിവ് ലഭിക്കും. കഫെ 999, മിയ പാര്‍ക്ക് കിയോസ്‌കുകളിലും 15% കിഴിവാണ് ലഭിക്കുക.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാസ്റ്റര്‍ ക്ലാസുകള്‍ക്കും ഫിലിം സ്‌ക്രീനിംഗുകള്‍ക്കും 10% കിഴിവും അംഗങ്ങള്‍ക്ക് ലഭിക്കും. അതുപോലെ തന്നെ കള്‍ച്ചര്‍ പാസ് ടൂറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, പ്രസംഗങ്ങള്‍ എന്നിവയിലേക്ക് ഒരു വര്‍ഷം മുഴുവനും സൗജന്യ പ്രവേശനം ലഭിക്കുമെന്നതും ഈ പാസിന്റെ പ്രത്യേകതയാണ്.