Uncategorized

മനുഷ്യനെ ആദരിക്കാന്‍ പഠിപ്പിക്കലാണ് മതവിദ്യാഭ്യാസം. ഡോ. ബദീഉസ്സമാന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ആദ്യ മനുഷ്യനെ ഭൂമിയിലയക്കും മുമ്പ് ആദരിക്കാന്‍ ദൈവം മാലാഖമാരോട് കല്‍പ്പിച്ചു. ആ മനുഷ്യനെ ആദരിക്കാന്‍ ഭൂമിയില്‍ പിറക്കുന്ന ഓരോ മനുഷ്യക്കുഞ്ഞിനെയും പരിശീലിപ്പിക്കുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്ന് ഇന്റഗ്രേറ്റഡ് എഡുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ. ബദീഉസ്സമാന്‍ അഭിപ്രായപ്പെട്ടു. ഏഴ്, പത്ത് ക്ലാസ്സുകളില്‍ പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനു വേണ്ടി അല്‍ മദ്രസ അല്‍
ഇസ്‌ലാമിയ ദോഹ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) സംഘടിപ്പിച്ച ”തക്രീം-2021” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം സ്നേഹിക്കുക, ആദരിക്കുക, പരിഗണിക്കുക തുടങ്ങി പ്രവാചകന്‍ നമ്മില്‍ വിട്ടേച്ചു പോയ ഉന്നത ശീലങ്ങള്‍ തിരക്ക് പിടിച്ച ലോകസാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്‍ മറന്നു പോകും. ഏത് തിരക്കിലും അവനെ അതോര്‍മ്മിപ്പിക്കാന്‍ കെല്‍പ്പുള്ള സംസ്‌കാരവും പാരമ്പര്യങ്ങളും തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന വിദ്യയാണ് മദ്രസകളിലൂടെ നല്‍കുന്നത്. അല്ലാഹുവിന്റെ ഖിലാഫത്ത് ഭൂമിയില്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്ന ഏറ്റവും ഗുണമേന്മയുള്ള മനുഷ്യരായി അവര്‍ മാറും. പക്ഷെ ഇതൊരു ”പങ്കു കച്ചവട”മാണ്. പകുതി അധ്യാപകരും പകുതി രക്ഷിതാക്കളും. പ്രത്യേകിച്ച് ഈ ഓണ്‍ലൈന്‍ കാലത്ത്. കുട്ടികള്‍ പൂര്‍ണ്ണമായും രക്ഷിതാക്കളുടെ അടുത്താണ്. അവര്‍ പഠിക്കുന്ന പാഠങ്ങള്‍ക്കനുഗുണമായ ഒരു ഗൃഹാന്തരീക്ഷം വീട്ടിനകത്ത് സൃഷ്ടിക്കപ്പെടണം. അദ്ദേഹം തുടര്‍ന്നു. പരീക്ഷകള്‍ക്കും മാര്‍ക്കുകള്‍ക്കുമപ്പുറം പഠിച്ച പാഠങ്ങള്‍ ജീവിതത്തില്‍ പ്രയോഗികമാക്കണം എന്നദ്ദേഹം ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളുടെ പേരുകള്‍ പ്രഖ്യാപിച്ചു കൊണ്ട് എല്ലാ കുട്ടികളെയും ഉപദേശിച്ചു.

കേരള മദ്രസ എഡുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുഷീര്‍ ഹസന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഡോ. എം.പി. ഹസന്‍ കുഞ്ഞി, ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് ഷൗകത്ത് അലി, സിഐസി പ്രസിഡണ്ട് കെ.ടി അബ്ദുറഹ്‌മാന്‍, രക്ഷാകര്‍തൃ പ്രതിനിധി ഡോ. മുഹമ്മദ് ശാഫി, സി.ഐ.സി വിദ്യാഭ്യാസ വകുപ്പ് തലവന്‍ അന്‍വര്‍ ഹുസൈന്‍, മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് ബിലാല്‍ ഹരിപ്പാട്, വിവിധ മദ്രസാ പ്രിന്‍സിപ്പാള്‍മാരായ എം.ടി ആദം (ശാന്തിനികേതന്‍ വക്‌റ), തൗഫീഖ് തൈക്കണ്ടി (അല്‍ഖോര്‍), വിദ്യാര്‍ഥി പ്രതിനിധി അയിദ ഷംസു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിശിഷ്ഠാതിഥികള്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും മദ്രസയില്‍ ലഭ്യമായിരിക്കുമെന്നും അറിയിച്ചു.

അബീദ് റഹ്‌മാന്‍ ഖാസിമിന്റെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. മദ്രസ പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍ പുറക്കാട് അധ്യക്ഷ്യം വഹിച്ചു. റഷാ ജുറൈജ് ഗാനമാലപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദലി ശാന്തപുരം സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ എം.ടി സിദ്ദീഖ് നന്ദിയും പറഞ്ഞു. അംന ഫാത്തിമ, ഹന ഫാത്തിമ എന്നീ വിദ്യാര്‍ത്ഥിനികളാണ് പരിപാടി നിയന്ത്രിച്ചത്.

Related Articles

Back to top button
error: Content is protected !!