മരുഭൂമിയില്‍ വിസ്മയം തീര്‍ത്ത് ശരത് മോഹന്‍
ഡോ. അമാനുല്ല വടക്കാങ്ങര
40 ഡിഗ്രിക്ക് മേല്‍ ചൂടുള്ള മരുഭൂമിയില്‍ കേരളത്തിന്റെ മാതൃകയില്‍ തെങ്ങും വാഴയും നെല്ലുമൊക്കെ വിളയിച്ച് ശ്രദ്ധേയനാവുകയാണ് ഖത്തറിലെ അല്‍ ഖോറില്‍ താമസിക്കുന്ന തിരുവനന്തപുരം ശ്രീകാര്യം ചെല്ലമംഗലം സ്വദേശി ശരത് മോഹന്‍. ഗള്‍ഫിലെ ചുടിലും വീടിന് വെളിയില്‍ കുലച്ചുനില്‍ക്കുന്ന വാഴയും കതിരിട്ട നെല്ലും വളര്‍ന്നുവരുന്ന തെങ്ങുമൊക്കെ പ്രവാസികള്‍ക്ക് ഗൃഹാതുര സ്മരണകള്‍ സമ്മാനിക്കുന്നതാണ്. ഇതിനോട് ചേര്‍ത്ത് വാഹനങ്ങളുടെ പഴയ ടയറുകള്‍ കൊണ്ട് നിര്‍മിച്ച കിണറും വെള്ളം കോരുന്ന കപ്പിയുമൊക്കെ ഏറെ തന്മയത്തത്തോടെയാണ് ശരത് സംവിധാനിച്ചിരിക്കുന്നത്. കേരളീയ ഗ്രാമത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന കാര്‍ഷിക പരീക്ഷണങ്ങള്‍ ഏറെ വ്യത്യസ്തതകളോടെ നടത്തിയാണ് ശരത് ശ്രദ്ധേയനാകുന്നത്.
ടൈറ്റാനിയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന തന്റെ പിതാവില്‍ നിന്നാണ് തനിക്ക് ഈ അഭിരുചി ലഭിച്ചതെന്നാണ് ശരത് പറയുന്നത്. അച്ഛന്‍ കൃഷിയോടും പൂച്ചെടികളോടുമൊക്കെ ഏറെ താല്‍പര്യമുള്ള ആളായിരുന്നു. പല തരത്തിലുള്ള ചെടികളും മരങ്ങളുമൊക്കെ അദ്ദേഹം നടുമായിരുന്നു. ചെടികളെ വെള്ളമൊഴിച്ച് പരിപാലിക്കാനുമുളള ചുമതല ശരതിനും സഹോദരിക്കുമായിരുന്നു. പ്രവാസ ലോകത്തേക്ക് പോന്നപ്പോള്‍ അച്ഛന്‍ സി. മോഹനില്‍ നിന്നും ലഭിച്ച കൃഷി അറിവുകള്‍ പ്രയോജനപ്പെടുത്തി താമസിക്കുന്ന വില്ലക്കും ചുറ്റും വൈവിധ്യമാര്‍ന്ന ചെടികളും വള്ളികളും പടര്‍ത്തി പുതമുയുള്ള ഗാര്‍ഹിക തോട്ടമൊരുക്കാന്‍ ശരതിന് സാധിച്ചു.
ഗള്‍ഫിലെ കാലാവസ്ഥയില്‍ വ്യത്യസ്ത സീസണുകളില്‍ വ്യത്യസ്ത വിളവുകളാണ് ഉണ്ടാവുക. പൂക്കളും ചെടികളുമൊക്കെ വേനലില്‍ പിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടും. എങ്കിലും വിദഗ്ധമായ പരിചരണത്തിലൂടെ പല ചെടികളും ഇപ്പോഴും പച്ചപ്പോടെ പുഷ്പിച്ച് നില്‍ക്കുന്ന ശരതിന്റെ വില്ല കോമ്പൗണ്ട് വൈവിധ്യങ്ങളുടെ കലവറയാണ്.
സിവില്‍ എഞ്ചിനീയറായ ശരതിന്റെ ആസൂത്രണ മികവും നിര്‍മാണ വൈഭവവും വെളിവാക്കുന്ന സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് കൃഷിയുടെ പശ്ചാത്തലമായി ശരത് ചെയ്ത് വെച്ചിരിക്കുന്നത്. തന്റെ വര്‍ക് സൈറ്റിലെ വേസ്റ്റ് മെറ്റീരിയലുകള്‍ ഏറെ ആകര്‍ഷകമായ രീതിയിലാണ് ഈ യുവ എഞ്ചിനീയര്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പെയിന്റ് ടിന്നുകളും വാഹനങ്ങളുടെ ടയറുകളും സൈറ്റിലെ കമ്പി കഷ്ണങ്ങളുമൊക്കെ മനോഹരമായ ശില്‍പ ഭംഗിയില്‍ ചെടികളുടെ പശ്ചാത്തലമാക്കി പാഴ് വസ്തുക്കളൊക്കെ പ്രയോജനപ്പെടുത്താമെന്ന സന്ദേശവും ശരത് നല്‍കുന്നുണ്ട്. ഉപയോഗശൂന്യമായ സൈക്കിളും കുപ്പികളും മാത്രമല്ല നിര്‍മാണ മേഖലയിലെ കേടുവന്ന ആയുധങ്ങള്‍ വരെ ശരതിന്റെ ഗാര്‍ഹിക തോട്ടത്തെ അലങ്കരിക്കുന്ന ശില്‍പങ്ങളാണ്.
ഒരു കലാകാരന്റെ കരവിരുതുകളോടെ തന്റെ ചെടികളെ അണിയിച്ചൊരുക്കുന്നതിലും ശരതിന്റെ വൈഭവം പ്രശംസനീയമാണ്. കണ്ണിനും കരളിനും കുളിരുപകരുന്ന പൂക്കളേയും ചെടികളേയും പരിചരിച്ച് തന്റെ പ്രവാസ ജീവിതം സാര്‍ഥകമാക്കുമ്പോള്‍ പ്രകൃതി സ്നേഹത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും അമൂല്യമായ പാഠങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും സംരക്ഷിക്കുമ്പോള്‍ ആവശ്യമുള്ള വിളവുകള്‍ ലഭ്യമാകുന്നുവെന്ന് മാത്രമല്ല സമയവും അദ്ധ്വാനവും ക്രിയാത്മകമായി ചിലവഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ജീവിതവും ഉറപ്പുവരുത്താനാകുമെന്നാണ് ഈ ചെറുപ്പക്കാരന്‍ തെളിയിക്കുന്നത്.
ഖത്തറിലെ അല്‍ ജാബിര്‍ എഞ്ചിനീയറിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ശരത് മോഹന്‍ കഴിഞ്ഞ 4 വര്‍ഷമായി താന്‍ താമസിക്കുന്ന വില്ലയില്‍ കൃഷി ചെയ്യുന്നുണ്ട്. ജോലി കഴിഞ്ഞ് വന്നാല്‍ തന്റെ ചെടികളുടെ കൂടെ സമയം ചിലവഴിക്കാന്‍ ശരതിന് വലിയ ആവേശമാണ്. ചെടികള്‍ക്കാവശ്യമായ പരിചരണം ചെയ്തും പരിസരമൊരുക്കിയും ലഭിക്കുന്ന അനുഭൂതി വളരെ വലുതാണെന്നാണ് ശരത് പറയുന്നത്.
ചേനയും ചേമ്പും കൈതച്ചക്കയും പാവക്കയും കോവക്കയുമൊക്കെ ശരതിന്റെ കൃഷ്ടിയിടത്തില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട കറിവേപ്പില ശരതിന്റെ തോട്ടത്തില്‍ ഇപ്പോഴും സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്നുണ്ട്.
ചെങ്ങലം പിരണ്ട, ചിറ്റമൃത്, തുളസി, പനികൂര്‍ക്ക, ശംഖ് പുഷ്പം, ബ്രഹ്മി, എരുക്ക്, അഗസ്തി ചീര, അലുവേര തുടങ്ങിയ ഔഷധ ചെടികളും ശരതിന്റെ തോട്ടത്തിന്റെ പ്രത്യേകതയാണ്
മീന്‍ വളര്‍ത്തലാണ് ശരതിന്റെ മറ്റൊരു ഹോബി. പ്രത്യേകമായി സംവിധാനിച്ച ടാങ്കില്‍ ധാരാളം തിലേപ്പിയ മല്‍സ്യങ്ങളാണ് ശരത് വളര്‍ത്തുന്നത്. പ്രാവുകളേയും മുയലുകളേയും വളര്‍ത്തിയും ശരത് ഒഴിവുസമയങ്ങളെ മനോഹരമാക്കുന്നു.
നാട്ടില്‍ നിന്നും വരുമ്പോള്‍ പല തരത്തിലുള്ള ചെടികളും വിത്തുകളുമൊക്കെ കൊണ്ടുവന്നാണ് കൃഷി തുടങ്ങിയത്. എന്നാല്‍ ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന ഖത്തറിലെ കൃഷിക്കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ഭാഗമായതോടെ കൃഷിക്ക് ആവേശം കൂടി. ഒരേ മനസുള്ള കുറേ ആളുകള്‍ ബന്ധപ്പെടുകയും കൃഷി വിവരങ്ങളും വിഭവങ്ങളും പങ്കുവെക്കുകയും ചെയ്ത് തുടങ്ങിയതോടെ വമ്പിച്ച മാറ്റമാണുണ്ടായത്. ചെടികളും വിത്തുകളുമൊക്കെ പരസ്പരം കൈമാറിയും കൃഷി പരിചരണത്തിന്റെ പ്രായോഗികമായ അനുഭവ പാഠങ്ങള്‍ പങ്കുവെച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെ സജീവമായ കൂട്ടായ്മയാണ് നമ്മുടെ അടുക്കളത്തോട്ടം ദോഹ.
കെ.എസ്.ഇ.ബി.യില്‍ ജോലി ചെയ്യുന്ന ചിറഴിന്‍ കീഴ് കടയ്ക്കാവൂര്‍ സ്വദേശിനി സിമിയാണ് ഭാര്യ. ആലിയ ശരത് മകളാണ്