ഹമദ് പോര്‍ട്ട് കൂടുതല്‍ ടെര്‍മിനലുകള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കടല്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും മികച്ച പ്രകടനം കാഴ്ചവെച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ഹമദ് തുറമുഖം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒന്നിലധികം ടെര്‍മിനലുകള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 2020ല്‍ തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തില്‍ 19.6 ശതമാനം വര്‍ദ്ധനയാണുണ്ടായത്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ പുരോഗതിയില്‍ തുറമുഖത്തിന്റെ പങ്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മാത്രമല്ല, ഇപ്പോള്‍ നേരിട്ടുള്ള സേവനങ്ങള്‍ ഖത്തറുമായി ബന്ധിപ്പിക്കുന്നതിനാല്‍, ആഗോള ഷിപ്പിംഗ് വ്യവസായം തങ്ങളുടെ തുറമുഖങ്ങള്‍ വികസിപ്പിക്കാനും മേഖലയില്‍ ഒരു പ്രധാന സാന്നിധ്യമുണ്ടാക്കാനുമുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച മവാനി ഖത്തര്‍ 2020ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ പ്രധാന ആഗോള ഷിപ്പിംഗ് ലൈനുകളുടെയും 24 ല്‍ അധികം നേരിട്ടുള്ള സേവനങ്ങള്‍ ഓരോ ആഴ്ചയും ഹമദ് പോര്‍ട്ട് കൈകാര്യം ചെയ്യുന്നു. ഈ നേരിട്ടുള്ള മെയിന്‍ലൈന്‍ സേവനങ്ങള്‍ ഖത്തറിലെ വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്ക് കരുത്തേകാന്‍ വിവിധ പുതിയ വ്യാപാര മാര്‍ഗങ്ങളും അവസരങ്ങളും തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ദ്ധിച്ചുവരുന്ന ചരക്ക് നീക്ക ആവശ്യത്തിന് അനുസൃതമായി ഹമദ് തുറമുഖത്ത് ഒന്നിലധികം കണ്ടെയ്നര്‍ ടെര്‍മിനലുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.