രാജ്യത്ത് കോവിഡ് ഗണ്യമായി കുറയുന്നു, ഹസം മെബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ സേവനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : രാജ്യത്ത് കോവിഡ് ഗണ്യമായി കുറയുന്നു, ഹസം മെബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ സേവനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുന്നു. ആശുപത്രി അഡ്മിഷനുകളും പ്രതിദിന കോവിഡ് കേസുകളും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് ഏറ്റവുമാദ്യം തയ്യാറാക്കിയ കോവിഡ് ആശുപത്രിയായ ഹസം മെബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ സേവനങ്ങള്‍ പുനരാരംഭിക്കുവാനൊരുങ്ങുന്നത്.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഇന്ന് ഹസം മെബൈരിക് ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മികച്ച പരിചരണത്തിലൂടെ കോവിഡ് പ്രതിരോധത്തിന് സഹായിച്ച ആരോഗ്യ പ്രവര്‍ത്തകരേയും ആശുപത്രി ജീവനക്കാരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കോവിഡ് പ്രതിരോധ രംഗത്ത് ഖത്തര്‍ വിജയിച്ചതിലെ പ്രധാന കാരണം ആവശ്യത്തിന് ആശുപത്രി സൗകര്യവും വെന്റിലേറ്ററുകളുമൊരുക്കാനായതാണ്. ആ മേഖലയില്‍ പ്രവര്‍ത്തിച്ചവരും പ്രതിരോധ നടപടികളില്‍ സഹകരിച്ചവരും അഭിനന്ദനമര്‍ഹിക്കുന്നതായി മന്ത്രി പറഞ്ഞു.
2020 മാര്‍ച്ചില്‍ കോവിഡിന്റെ ആദ്യ തരംഗം ഭീഷണി ഉയര്‍ത്തിയ ആദ്യ ഘട്ടത്തില്‍ ആരംഭിച്ച ആശുപത്രികളാണ് കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററും, ഹസം മെബൈരിക് ജനറല്‍ ആശുപത്രിയും. കേസുകള്‍ കൂടിയപ്പോള്‍ 7 ആശുപത്രികള്‍ വരെ കോവിഡിന് മാത്രമായി സജ്ജീകരിച്ചു.
15 മാസംകൊണ്ട് 10344 രോഗികളെയാണ് ഹസം മെബൈരിക് ജനറല്‍ ആശുപത്രിയില്‍ പരിചരിച്ചത്.
ഹസം മെബൈരിക് ജനറല്‍ ആശുപത്രി കൂടി സാധാരണ സേവനങ്ങള്‍ ആരംഭിക്കുമ്പോള്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററും, മിസഈദ് ആശുപത്രിയും, ക്യൂബന്‍ ആശുപത്രിയും മാത്രമായിരിക്കും രാജ്യത്തെ കോവിഡ് ആശുപത്രികളായി അവശേഷിക്കുക.