
ഖത്തറിലെ നോര്‍ത് ഫീല്‍ഡ് എക്സ്പാന്‍ഷന്‍ പദ്ധതി തൊഴില്‍ മേഖലക്ക് ഉണര്‍വേകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ നോര്‍ത് ഫീല്‍ഡ് എക്സ്പാന്‍ഷന്‍ പദ്ധതി തൊഴില്‍ മേഖലക്ക് ഉണര്‍വേകുമെന്ന് റിപ്പോര്‍ട്ട്. എല്‍.എന്‍.ജി. ഉല്‍പാദനം നിലവിലെ പ്രതിവര്‍ഷം 77 മില്യണ്‍ ടണില്‍ നിന്നും 100 മില്യണ്‍ ടണ് ആക്കി ഉയര്‍ത്താനുള്ള പദ്ധതിയാണിത്. ഖത്തര്‍ ദേശീയ വിഷന്‍ 2030 ന്റെ ഭാഗമായ ഹൈഡ്രോകാര്‍ബണ്‍ ഡവലപ്മെന്റ് പദ്ധതി സാമ്പത്തിക തൊഴില്‍ മേഖലകളില്‍ വമ്പിച്ച പുരോഗതിയുണ്ടാക്കുമെന്നാണ് കരുതുന്നത്.
ഈ വര്‍ഷം ആദ്യത്തിലാണ് രണ്ട് ബില്യണ്‍ ഡോളറിന്റെ നോര്‍ത് ഫീല്‍ഡ് എക്സ്പാന്‍ഷന്‍ പദ്ധതി ലോകോത്തര നിര്‍മാതാക്കളായ സാംസംഗ് കണ്‍സ്ട്രക്ഷന്‍ ആന്റ് ട്രേഡിംഗ് കോര്‍പറേഷന് നല്‍കിയത്. എഞ്ചീനീയറിംഗ്, പ്രോക്വര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ കരാറുകള്‍ ചിയോഡ, ടെക്നിപ് സംയുക്ത സംരംഭത്തിനാണ് ലഭിച്ചത്. വിവിധ സബ്കോണ്‍ട്രാക്ടുകളുമായി ബന്ധപ്പെട്ട് പ്രാദേശികവും വിദേശികളുമായ നിരവധി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.
തൊഴില്‍ മേഖലക്കും സാമ്പത്തിക മേഖലക്കും നല്ല ഉണര്‍വേകുന്ന പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാന്‍പവര്‍ രംഗത്ത് നല്ല പ്രതികരണമാണ് ഇതിനകം ഉണ്ടായിട്ടുള്ളതെന്നും കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നതായും ചില മാന്‍പവര്‍ ഏജന്‍സികള്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.