തീവ്രവാദം തടയുന്നതിനുള്ള പ്രധാന ആഗോള പങ്കാളിയായി ഖത്തര്‍ തുടരും, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഥാനി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :തീവ്രവാദം തടയുന്നതിനുള്ള പ്രധാന ആഗോള പങ്കാളിയായി ഖത്തര്‍ തുടരുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഥാനി അഭിപ്രായപ്പെട്ടു. തീവ്രവാദത്തിന്റെ ആഘാതം തടയുന്നതിനായി ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിയായി തുടരാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമായാണ് മുന്നോട്ടുപോകുന്നത്.
ഐക്യരാഷ്ട്രസഭയുടെ തീവ്രവാദ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി നടന്ന അംഗരാജ്യങ്ങളിലെ തീവ്രവാദ വിരുദ്ധ ഏജന്‍സി തലവന്മാരുടെ രണ്ടാം ഐക്യരാഷ്ട്ര ഉന്നതാധികാര സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെ തടയുന്നതും പ്രതിരോധിക്കുന്നതും അന്താരാഷ്ട്ര ഏകോപനവും സഹകരണവും ഏറ്റവും ആവശ്യമുള്ള മേഖലകളാണ്. ഇക്കാര്യത്തില്‍, ബഹുരാഷ്ട്ര സഹകരണം പുനരുജ്ജീവിപ്പിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഈ ഉന്നതതല സമ്മേളനം അതിന്റെ ഭാഗമാണ് .2018 ലെ ആദ്യ കോണ്‍ഫറന്‍സിന്റെയും കഴിഞ്ഞ വര്‍ഷത്തെ വെര്‍ച്വല്‍ സമ്മേളനത്തിന്റേയും ഫലങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും ഈ കോണ്‍ഫറന്‍സിന് സംഭാവന ചെയ്യാനാകുമെന്ന് ശൈഖ് പ്രത്യാശ പ്രകടിപ്പിച്ചു
ഭീകരതയെയും അക്രമ തീവ്രവാദത്തെയും പ്രതിരോധിക്കാനുള്ള ഞങ്ങളുടെ സംയുക്ത ശ്രമങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിന്, ഭീകരതയുടെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിനും വിദ്യാഭ്യാസം, യുവജന തൊഴില്‍, തീവ്രവാദ വ്യവഹാരങ്ങളെ പ്രതിരോധിക്കല്‍ തുടങ്ങിയ സംയോജിത മേഖലകളിലെ പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനും ലോക രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.