ഹമദ് ഹോസ്പിറ്റലിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍ താമസിയാതെ സാധാരണ നിലയിലേക്ക് മടങ്ങും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് കാരണം ഭാഗികമായി പ്രവര്‍ത്തനം മുടങ്ങിയിരുന്ന ഹമദ് ഹോസ്പിറ്റലിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍ താമസിയാതെ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു. നിലവില്‍ ഹമദ് ഹോസ്പിറ്റലിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍ 80 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് സ്ഥിതിഗതികള്‍ അനുദിനം മെച്ചപ്പെടുന്നതിനാല്‍ താമസിയാതെ സാധാരണ നിലയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് രൂക്ഷമായ സമയത്ത് സുരക്ഷ കാരണങ്ങളാല്‍ അടിയന്തിര കേസുകള്‍ ഒഴിച്ച് ഡോക്ടര്‍മാരുമായി മുഖാമുഖമുള്ള പരിശോധനകള്‍ക്ക് പകരം ടെലിഫോണ്‍ കണ്‍സല്‍ട്ടേഷനുകളാണ് നടന്നിരുന്നത്. എന്നാല്‍ പ്രതിദിന കോവിഡ് കേസുകളും ആശുപത്രി കേസുകളും കുറയുകയും വാക്സിനേഷന്‍ പുരോഗമിക്കുകയും ചെയ്തതോടെ ക്രമേണ നേരിട്ടുള്ള പരിശോധനകള്‍ പുനരാരംഭിച്ചു. ഇപ്പോള്‍ 80% ശേഷിയിലെത്തി. താമസിയാതെ തന്നെ 100 % ശേഷിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക അറബി ദിനപത്രമായ അല്‍റായയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഹമദ് ഹോസ്പിറ്റലില്‍ മെയ് 30 മുതല്‍ സാധാരണ സര്‍ജറികളും പുനരാരംഭിച്ചിട്ടുണ്ട്. ട്യൂമറുകള്‍ പോലുള്ള കേസുകളിലെ അടിയന്തിര സര്‍ജറികള്‍ ഒരു സമയത്തും നിര്‍ത്തിവെച്ചിരുന്നില്ല. വിദഗ്ധ സര്‍ജറികള്‍ക്കായി സജ്ജീകരിച്ച സ്പെഷ്യലൈസ്ഡ്് സര്‍ജിക്കല്‍ സെന്റര്‍ അത്യാധുനിക സൗകര്യങ്ങളുള്ളതാണ്.
അവയവ ദാന വകുപ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നല്ല പുരോഗതിയുണ്ട്. അവയവമാറ്റ ശാസ്ത്ര ക്രിയകള്‍ സജീവമായി നടക്കുന്നു. 62 വൃക്ക മാറ്റ ശാസ്ത്രക്രിയകളും 4 കരള്‍മാറ്റ ശസ്ത്രക്രിയയും വിജയകരമായി നടന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ നിയന്ത്രണവിധേയമായതോടെ കോവിഡ് പരിചരണത്തിന് നിശ്ചയിച്ചിരുന്ന ഡോക്ടര്‍മാരും പാരമെഡിക്കല്‍ ജീവനക്കാരും തിരിച്ചുവരുവാന്‍ തുടങ്ങിയതോടെ ഓരോ വകുപ്പുകളും പൂര്‍വ സ്ഥിതിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.