ഖത്തറില്‍ ഈദ് അവധി പ്രഖ്യാപിച്ചതോടെ ട്രാവല്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഈദ് അവധി പ്രഖ്യാപിച്ചതോടെ ട്രാവല്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്ക് . ഗവണ്‍മെന്റ് മേഖലയിലും ഓയില്‍ ഗ്യാസ് സെക്ടറിലും കോര്‍പറേഷനുകളിലുമൊക്കെ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ജോലി കഴിയുന്നതോടെ പെരുന്നാള്‍ അവധി ആരംഭിക്കുന്നതിനാല്‍ പലരും ഇന്ന് വൈകുന്നേരത്തോടെ തന്നെ യാത്ര ചെയ്യാനുളള തയ്യാറെടുപ്പിലാണ് . ജൂലൈ 26 നാണ് പെരുന്നാള്‍ അവധി കഴിഞ്ഞ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കേണ്ടത്.
ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്ക് ജൂലൈ 12 മുതല്‍ ക്വാറന്ററൈന്‍ ഒഴിവാക്കി പുതിയ യാത്ര നയം വന്നതുമുതല്‍ തന്നെ പലരും ടിക്കറ്റിനുള്ള പരക്കം പാച്ചിലിലായിരുന്നു. എന്നാല്‍ നേരിട്ടുള്ള മിക്ക വിമാനങ്ങളിലും പെരുന്നാളിന് മുമ്പ് സീറ്റുകള്‍ ലഭ്യമല്ലെന്നാണ് അറിയുന്നത്.
നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കാത്തവര്‍ ഫ്‌ളൈ ദുബൈ വഴി നാട്ടിലെത്താനും ശ്രമിക്കുന്നതായി ചില ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. ജൂലൈ 19 ന് കോഴിക്കോട്ടേക്ക് ഫ്‌ളൈ ദുബൈയുടെ സര്‍വീസുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് നാട്ടിലേക്കുള്ള വിമാനങ്ങളില്‍ സീറ്റില്ലാതാവുന്നത്. വാക്‌സിനേഷന്‍ കൂടിയതോടെ ജനങ്ങളുടെ ആത്മ വിശ്വാസം വര്‍ദ്ധിച്ചതും പുതിയ യാത്ര നയത്തില്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതുമാണ് കാരണം.
ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുമ്പോഴും ആവശ്യക്കാര്‍ക്ക് ഒരു കുറവുമില്ലെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.