ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു, വിദേശ കറന്‍സികള്‍ക്ക് വന്‍ ഡിമാന്റ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് സ്ഥിതിഗതികള്‍ പുരോഗമിക്കുകയും യാത്ര നയം പരിഷ്‌ക്കരിക്കുകയും ചെയ്തതോടെ ഖത്തറില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് ടൂറിന് പോകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
ഒന്നര വര്‍ഷത്തോളമായി വീടകങ്ങളില്‍ ഒതുങ്ങിക്കൂടിയിരുന്ന പലരും വേനലവധിയും പെരുന്നാള്‍ അവധിയും പ്രയോജനപ്പെടുത്തിയാണ് ടൂറുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നാട്ടിലെ ലോക് ഡൗണും നിയന്ത്രണങ്ങളും കാരണം നിരവധി പേര്‍ നാട്ടിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുകയായിരുന്നു.
ഈ വര്‍ഷം ഖത്തറില്‍ നിന്നും ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ജോര്‍ജിയയിലേക്കായിരിക്കുമെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിത്യവും ഒന്നിലധികം ഗ്രൂപ്പുകളാണ് ജോര്‍ജിയയിലേക്ക് പുറപ്പെടുന്നത്. ജി.സി.സി. രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെന്നതും മനോഹരമായ കാഴ്ചകളും തന്നെയാകും ടൂറിസ്റ്റുകളെ ജോര്‍ജിയയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.
തുര്‍ക്കിയാണ് ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ളത്. ഏഷ്യയുടേയും യൂറോപ്പിന്റേയും വൈവിധ്യങ്ങളും ചരിത്ര സ്മാരകങ്ങളുമായാണ് തുര്‍ക്കി സന്ദര്‍ശകരെ മാടിവിളിക്കുന്നത് . മാല്‍ ദ്വീപുകളിലേക്കും നിരവധി പേര്‍ പോകുന്നുണ്ട്.
വ്യാഴാഴ്ചയോടെ തന്നെ പെരുന്നാള്‍ അവധിയുടെ മൂഡിലായിരുന്ന ജനങ്ങള്‍ ചെറുതും വലുതുമായ സംഘങ്ങളായി പല ടൂറിസം കേന്ദ്രങ്ങളിലേക്കും യാത്ര പുറപ്പെട്ടു കഴിഞ്ഞു.
ടൂറ് പോകുന്നവരുടെ എണ്ണം കൂടിയതോടെ വിദേശ കറന്‍സികള്‍ക്ക് വന്‍ ഡിമാന്റ് അനുഭവപ്പെട്ടതായി ചില മണി എക്‌സ്‌ചേഞ്ചുകള്‍ പറഞ്ഞു.