ഇന്‍ട്രാ അറബ് വ്യാപാരം പുനരുജ്ജീവിപ്പിക്കണം . ഖത്തര്‍ ചേമ്പര്‍ ചെയര്‍മാന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ഇന്‍ട്രാ അറബ് വ്യാപാരം പുനരുജ്ജീവിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്
ഖത്തര്‍ ചേമ്പര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ചേമ്പറിന്റെ അല്‍ മുല്‍തഖ മാഗസിന്‍ ആഗസ്ത് ലക്കം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചെയര്‍മാന്‍ അറബ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്.
വിപുലമായ സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും നിലവില്‍ അറബ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം മൊത്തം വ്യാപാരത്തിന്റെ കേവലം 10 ശതമാനം മാത്രമാണ് . രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച ഗ്രേറ്റര്‍ അറബ് ഫ്രീ ട്രേഡ് ഏരിയയില്‍ പൂര്‍ണമായ കസ്റ്റംസ് തീരുവകള്‍ ഒഴിവാക്കിയിട്ടും വ്യാപാരം വികസിക്കുന്നില്ലയെന്നത് ആശാവഹമല്ല. ഈ രംഗത്ത് സോദ്ദേശ്യപരമായ ശ്രമങ്ങളുണ്ടാകണം. ഈ വര്‍ഷം ജൂണില്‍ നടന്ന അറബ് ചേമ്പറുകളുടെ യൂണിയന്‍ സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും എല്ലാ അറബ് രാജ്യങ്ങളും ഈ രംഗത്ത് വേണ്ട ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അറബ് രാജ്യങ്ങളില്‍ തമ്മിലുള്ള വ്യപാരവും നിക്ഷേപവും പ്രോല്‍സാഹിപ്പിക്കുന്ന നടപടികളാണ് അറബ് ചേമ്പറുകളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നും എല്ലാ രാജ്യങ്ങളും ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിയാല്‍ വലിയ മാറ്റമുണ്ടാകുമെന്നും ശൈഖ് പ്രത്യാശ പ്രകടിപ്പിച്ചു.