അഫ്ഗാനിസ്ഥാനിലേക്ക് സഹായ സാധനങ്ങളുമായി നിത്യവും വിമാനമയക്കാനൊരുങ്ങി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് സമാധാനനിലയിലെത്തുന്നതുവരെ അഫ്ഗാനിസ്ഥാനിലേക്ക് സഹായ സാധനങ്ങളുമായി നിത്യവും വിമാനമയക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീവകാരുണ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സേവനമാണിതെന്നും വരുന്ന ഏതാനും ദിവസങ്ങളില്‍ ഇത് തുടരുമെന്നും ഖത്തര്‍ വ്യക്തമാക്കി. ഖത്തര്‍ ചാരിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
10 മില്യണ്‍ കുട്ടികളടക്കം അഫ്ഗാനിസ്ഥാനിലെ 40 മില്യണ്‍ ജനങ്ങളില്‍ പകുതി പേര്‍ക്കും ഈ വര്‍ഷം തുടക്കം മുതല്‍ മാനുഷിക സഹായം ആവശ്യമാകുമെന്നും ആവശ്യക്കാര്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ കഴിഞ്ഞ മാസം അവസാനം പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം അമേരിക്കയുടെ നേതൃത്വത്തിലുള്ള പൗരന്മാര്, അഫ്ഗാനികള്‍, മറ്റ് പൗരന്മാര് എന്നിവരുടെ എയര്‍ലിഫ്റ്റ് അവസാനിച്ചതിന് ശേഷം നിരവധി ദിവസത്തേക്ക് അടച്ച വിമാനത്താവളം ഖത്തറിന്റെ സാങ്കേതിക സഹായത്തോടെയാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തന സജ്ജമായത്.