ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി വാക്‌സിനേഷന്‍ സെന്റര്‍ അടച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ നാഷണല്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ ഊര്‍ജിതമാക്കുന്നതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥാപിച്ച ബിസിനസ് , ഇന്‍ഡസ്ട്രി വാക്‌സിനേഷന്‍ സെന്റര്‍ അടക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഏപ്രില്‍ മാസം പ്രവര്‍ത്തനമാരംഭിച്ച വാക്‌സിനേഷന്‍ കേന്ദ്രം രാജ്യത്തെ വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ക്ക് കോവിഡ് -19 വാക്‌സിനുകള്‍ നല്‍കുന്നതിനായാണ് സ്ഥാപിച്ചത്. 300 വാക്‌സിനേഷന്‍ സ്റ്റേഷനുകളും 700 ജീവനക്കാരുമുണ്ടായിരുന്ന കേന്ദ്രത്തില്‍ പ്രതിദിനം 25,000 ഡോസ് കോവിഡ് -19 വാക്‌സിനുകള്‍ നല്‍കുന്നതിനുള്ള സൗകര്യമാണുണ്ടായിരുന്നുത്. ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്നായിരുന്നു അത്.
രാജ്യത്തെ മഹാഭൂരിഭാഗമാളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കേന്ദ്രം അടച്ചുപൂട്ടുന്നത്. കഴിഞ്ഞ മാസം മുതല്‍ തന്നെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് മന്ത്രാലയം അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
ഖത്തറിന്റെ ദേശീയ കോവിഡ് -19 വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതുമുതല്‍, കേന്ദ്രം ലക്ഷ്യമിട്ട ഗ്രൂപ്പുകള്‍ക്ക് 1.6 ദശലക്ഷത്തിലധികം ഡോസ് വാക്‌സിനുകളാണ് ഈ കേന്ദ്രം മുഖേന നല്‍കിയത്. ഖത്തര്‍ ജനതയ്ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ ഈ ടീം വഹിച്ച പങ്ക് അഭിമാനകരമാണെന്നും ഈ കാലയളവില്‍ നിരവധി പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും സമൂഹത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സഹായിക്കാനായതില്‍ അഭിമാനമുണ്ടെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ എമര്‍ജന്‍സി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും , ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി യൂണിറ്റ് മേധാവിയുമായ ഡോ. ഖാലിദ് അബ്ദുള്‍നൂര്‍ പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്നായ ഈ സൗകര്യം ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, കൊനോകോ ഫിലിപ്‌സ് , പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രാഥമിക ആരോഗ്യ പരിപാലന കോര്‍പ്പറേഷന്‍, ഖത്തര്‍ ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സ്ഥാപിച്ചിരുന്നത്.