
വി.എം. കുട്ടിയുടെ വിയോഗത്തോടെ മാപ്പിള കലാരംഗത്തെ അതുല്യ പ്രതിഭയെ കൈരളിക്ക് നഷ്ടമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വി.എം. കുട്ടിയുടെ വിയോഗത്തോടെ മാപ്പിള കലാരംഗത്തെ അതുല്യ പ്രതിഭയാണ് കൈരളിക്ക് നഷ്ടപ്പെട്ടതെന്ന് ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിലെയും വിദേശങ്ങളിലെയും നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
മാപ്പിളപ്പാട്ടിനു പ്രകൃതി, ദേശസ്‌നേഹം, മാനവിക മൂല്യങ്ങള്‍ മുതലായവയില്‍ സ്ഥിര പ്രതിഷ്ഠ നേടാനും ജനങ്ങളില്‍ വലിയൊരു സ്വാധിനം കൊണ്ടു വരാനും പലവിഷയങ്ങളിലും തന്റേതായ അഭിപ്രായം പങ്കുവെക്കാനും തിരുത്തലുകള്‍ കൊണ്ടുവരാനുമൊക്കെ പരിശ്രമിച്ച വലിയൊരു വ്യക്തിത്വമായിരുന്നു വി. എം. കുട്ടിയെന്ന് മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.
മാപ്പിളപ്പാട്ട് ഗായകന്‍, രചയിതാവ്, സംഗീത സംവിധായകന്‍, ചിത്രകാരന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍ വി.എം.കുട്ടിയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്നും മാപ്പിള കലാ രംഗത്തിനു നികത്താനാവാത്ത വിടവാണെന്നും അനുസ്മരയോഗത്തിനിടെ മാപ്പിളപ്പാട്ടു ഗവേഷകനായ ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു.
താനടക്കമുള്ള നിരവധി ഗായകരെ വളര്‍ത്തി്വലുതാക്കിയത് വി.എം. കുട്ടിയുടെ ഉള്‍ക്കാഴ്ചയും സംഘാടന പാഠവവുമായിരുന്നെന്ന് പ്രശസ്ത ഗായിക വിളയില്‍ ഫസീല അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ ഏറെ വേദികളില്‍ എത്തിയ ശേഷമാണ് ജനകീയാടിസ്ഥാനത്തില്‍ കേരളത്തില്‍ ശക്തമായ രീതിയില്‍ മാപ്പിളപ്പാട്ട് ശാഖ വേദികളില്‍ എത്തിയതെന്നും അതില്‍ കാര്യമായ പങ്ക് വഹിച്ചത് വി എം. കുട്ടിയായിരുന്നുവെന്നും ഖത്തര്‍ കെ. എം. സി.സി. സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് എസ്. എ. എം ബഷീര്‍ അനുസ്മരിച്ചു.
ഹുസൈന്‍ കടന്നമണ്ണ, മുത്തലിബ് മട്ടന്നൂര്‍, ആര്‍.ജെ. റിജാസ്, ഉസ്മാന്‍ കല്ലന്‍, എ.കെ. അബ്ദുല്‍ ജലീല്‍, അച്ചു ഉള്ളാട്ടില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ബാലന്‍ ചേളാരി, വി.വി. ഹംസ, ശാനവാസ് എലച്ചോല, ശ്രീധരന്‍, സുരേഷ് പണിക്കര്‍, കേശവദാസ്, അസ്ഗറലി ചുങ്കത്തറ, നബ്ശ മുബീബ്, ഫാസില മശ്ഹൂദ്, നിയാസ് കൊട്ടപ്പുറം, നൗഫല്‍ കട്ടുപാറ, അനീസ് കെ.ടി. വളപുറം, ഇര്‍ഫാന്‍ പകര, റസിയാ ഉസ്മാന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
ചടങ്ങില്‍ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട് ആദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് സ്വാഗതവും ആര്‍ട്‌സ് വിംഗ് കോഡിനേറ്റര്‍ ഹരി നന്ദിയും പറഞ്ഞു.