ഉപഭോഗയോഗ്യമല്ലാത്ത 6,012 കിലോഗ്രാം ശീതീകരിച്ച മാംസവും മത്സ്യവും പിടിച്ചെടുത്ത് ദോഹ മുനിസിപ്പാലിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആരോഗ്യ നിയന്ത്രണ വിഭാഗം ദോഹയിലെ ഭക്ഷ്യ സ്ഥാപനങ്ങളില്‍ നടത്തിയ തീവ്രപരിശോധന ക്യാമ്പയിനില്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 6,012 കിലോഗ്രാം ശീതീകരിച്ച മാംസവും മത്സ്യവും പിടിച്ചെടുത്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
വ്യാഴാഴ്ച വൈകുന്നേരം ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ ഒരു റെസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ 140 കിലോഗ്രാം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മാംസം ഇന്‍സ്‌പെക്ടര്‍മാര്‍ പിടിച്ചെടുത്തതോടെയാണ് നിയമലംഘനത്തിന്റെ കണ്ടെത്തല്‍ ആരംഭിച്ചത്.
മാംസത്തിന്റെ ഉറവിടവും വിതരണക്കമ്പനിയുടെ പേരും തിരിച്ചറിയാന്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന്, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയുടെ 14 വെയര്‍ഹൗസുകളും റഫ്രിജറേറ്ററുകളും റെയ്ഡ് ചെയ്തപ്പോഴാണ് 5,872 കിലോഗ്രാം ശീതീകരിച്ച അഴുകിയ മാംസവും മത്സ്യവും പിടിച്ചെടുത്തത്.